എറണാകുളം : ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ന് (ഓഗസ്റ്റ് 6) നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പെന്ന് പിആർ ശ്രീജേഷിൻ്റെ കുടുംബം. സ്വർണ മെഡൽ നേട്ടത്തോടെ ശ്രീജേഷിന് പാരിസ് ഒളിമ്പിക്‌സ് വേദിയിൽ നിന്ന് മടങ്ങാൻ കഴിയണമെന്ന പ്രാർഥനയിലാണ് കുടുംബം. നാല് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി കളിച്ച നേട്ടവുമായി വിശ്വകിരീടത്തിന് അരികെയാണ് ശ്രീജേഷ്.
സെമി ഫൈനൽ മത്സരത്തിൽ ജർമനിയെ തോല്‌പിച്ചാൽ ഇന്ത്യയ്ക്ക് മെഡലുറപ്പിക്കാം. ട്ടോക്കിയോ ഒളിമ്പിക്‌സിൽ ലൂസേഴ്‌സ് ഫൈനലിൽ ജർമനിയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ വെങ്കല മെഡൽ നേടിയത്. നാല് വർഷത്തിനിപ്പുറം പിആർ ശ്രീജേഷും സംഘവും ചരിത്രമാവർത്തിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നതും.
സുവർണ വിജയത്തിൽ കുറഞ്ഞതൊന്നും ശ്രീജേഷിൻ്റെ കുടുംബവും പ്രതീക്ഷിക്കുന്നില്ല. സെമി ഫൈനൽ മത്സരത്തിൽ വിജയിച്ചാൽ ആഘോഷമാക്കാനുളള കാത്തിരിപ്പിലാണ് കൊച്ചി പള്ളിക്കരയിലെ വീട്ടിൽ അച്ഛൻ പിവി രവീന്ദ്രനും അമ്മ ഉഷയും. പാരിസിൽ നിന്നും സ്വർണം നേടി തിരിച്ചുവരുമെന്ന് ഭാര്യ അനീഷ്യയ്ക്കും മക്കളായ ശ്രീയാൻഷ് അനുശ്രീ എന്നിവര്‍ക്ക് ശ്രീജേഷ് വാക്ക് നൽകിയിട്ടുള്ളത്.
ഈ ഒളിമ്പിക്സോടെ മകൻ ഹോക്കിയിൽ നിന്നും വിരമിക്കുമെന്ന് ഉറപ്പാണ്. എന്നാൽ അതൊരു സ്വർണ നേട്ടത്തോടെയാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛൻ പിവി രവീന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശ്രീജേഷിൻ്റെ പ്രകടനം നന്നായിരുന്നു. കർഷകനായ തനിക്ക് ഹോക്കി കിറ്റ് വാങ്ങാൻ പ്രയാസമായിരുന്നു. വന്ന വഴികളൊന്നും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിൻ്റെ വിജയത്തിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണന്നും അമ്മ ഉഷ പറഞ്ഞു. കളി കഴിയുന്നത് വരെ തനിക്ക് ടെൻഷനാണ്. മത്സരം മുഴുവനായി കാണാനുള്ള ക്ഷമ തനിക്കില്ല. ഇന്നും ശ്രീജേഷ് വിളിച്ചിരുന്നു. വിജയ പ്രതീക്ഷ മാത്രമല്ല വിജയിക്കുമെന്ന വിശ്വാസമാണ് ഉള്ളത്. മകൻ്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമാണെന്നും അമ്മ പറഞ്ഞു.
സുവർണ നേട്ടവുമായി ശ്രീജേഷ് പാരിസിൽ നിന്നും മടങ്ങണമെന്നാണ് എല്ലാവരെയും പോലെ താനും ആഗ്രഹിക്കുന്നതെന്ന് ശ്രീജേഷിൻ്റെ ഭാര്യ ഡോ. അനീഷ്യ പറഞ്ഞു. റിട്ടയർമെൻ്റ് മാച്ചിൽ തൻ്റെ കരിയറിലെ മികച്ച വിജയം നേടാൻ കഴിയുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ല. ഒളിമ്പിക്‌സിൽ ഒരു ടീമിനെയും ചെറുതായി കാണാൻ കഴിയില്ലെന്നാണ് ശ്രീജേഷ് എപ്പോഴും പറയാറുള്ളത്. ഫിറ്റ്നസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് ശ്രീജേഷ്. ഓരോ കളിയിലും ഏറ്റവും നല്ല പ്രകടനം കാഴ്‌ച വയ്‌ക്കണമെന്നാണ് ശ്രീജേഷ് ആഗ്രഹിക്കാറുള്ളതെന്നും അനീഷ്യ പറഞ്ഞു. മക്കളായ ശ്രീയാൻഷിനും അനുശ്രീക്കും അച്ഛൻ വിജയിക്കുമെന്നതിൻ സംശയമില്ല.