തിരുവനന്തപുരം: ഉഗ്രശബ്‌ദത്തില്‍ വര്‍ണാഭമായി പൊട്ടുന്ന പടക്കങ്ങളില്ലാതെ (CRACKERS) പിന്നെന്ത് ദീപാവലി എന്ന ചോദ്യത്തിന് ഒട്ടും അതിശയോക്തിയില്ല. നമ്മുടെ കൊച്ചു കേരളത്തിലെ പടക്ക വിപണി ലക്ഷ്യം വയ്ക്കുന്ന വലിയൊരു പടക്ക നിര്‍മ്മാണ ശൃംഖലയാണ് തമിഴ്‌നാട്ടിലുള്ളത്. എന്നാല്‍ കേരളവും തമിഴ്‌നാടുമൊക്കെ രാജ്യങ്ങളായിരുന്ന പ്രാചീനകാലത്ത് തന്നെ പടക്കങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന വെടിമരുന്നുകള്‍ കടല്‍ കടന്നെത്തിയിരുന്നെന്ന് ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍ പറയുന്നു.
മൂന്നാം നൂറ്റാണ്ട് മുതലാണ് കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട രാജ്യങ്ങള്‍ വെടിമരുന്ന് കണ്ടുപിടിച്ച ചൈനയുമായി കച്ചവട ബന്ധം ആരംഭിക്കുന്നത്. അക്കാലം മുതല്‍ വെടിമരുന്ന് കേരളത്തില്‍ എത്തിയിരിക്കാനുളള സാധ്യതയുണ്ട്. ഗുഹകളിലും മരച്ചുവട്ടിലും ദൈവ സങ്കല്‍പത്തെ തൊഴുത് നിന്ന ഈ പ്രദേശത്തെ ജനസമൂഹം ക്ഷേത്ര സങ്കൽപ്പത്തിലേക്ക് കടന്നത് എട്ടാം നൂറ്റാണ്ട് മുതലാണെന്ന് ചരിത്ര രേഖകളുണ്ട്. വന്‍ പാറക്കല്ലുകളില്‍ തീര്‍ത്ത ക്ഷേത്രങ്ങളുടെ നിര്‍മാണം പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ കേരളത്തിലെത്തുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെയാണ് വെടിമരുന്ന് ഉപയോഗത്തിൻ്റെ സാധ്യത വ്യക്തമാകുന്നത്. പാറകള്‍ വെടിമരുന്നുപയോഗിച്ച് പൊട്ടിച്ച് മാറ്റി അതിനനുസരിച്ച് പ്രത്യേക ആകൃതിയില്‍ കൊത്തിയെടുക്കുകയായിരുന്നെന്ന് വേണം അനുമാനിക്കാന്‍. ഒറ്റക്കല്‍ മണ്ഡപങ്ങള്‍ കൊണ്ട് സമ്പന്നമായ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ നിര്‍മാണ രീതിയെ സഹായിക്കുന്ന മറ്റ് ശാസ്ത്രീയ സംവിധാനങ്ങള്‍ അന്ന് ഉണ്ടായിരുന്നതായി രേഖകളില്ല. വെടിമരുന്നിൻ്റെ സഹായത്തോടെ ആയിരിക്കാം ഇവയുടെ നിര്‍മാണം.
ഇത്തരത്തില്‍ നിര്‍മാണങ്ങള്‍ക്ക് വെടിമരുന്നുപയോഗിച്ചുള്ള പാറപൊട്ടിക്കല്‍ കേരളത്തിലേക്കും വന്നു. വെടിമരുന്നുപയോഗിച്ച് പാറപൊട്ടിക്കുമ്പോള്‍ വലിയ ശബ്‌ദം പുറത്തുവന്നതോടെ ഇതെന്തുകൊണ്ട് ഉത്സവങ്ങള്‍ക്ക് കൂടി ആയിക്കൂടാ എന്നൊരു ചിന്ത അന്നുണ്ടായിരിക്കാം. അക്കാലത്ത് ഉത്സവങ്ങളും പൂരങ്ങളും വര്‍ണാഭമാക്കാന്‍ ഓരോ ദേശക്കാരും മത്സരിക്കാനാരംഭിച്ചതോടെയാണ് വെടിമരുന്ന് പ്രയോഗങ്ങള്‍ ഇന്ന് കാണുന്ന തരത്തിലേക്ക് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആനകള്‍ക്കും ചെണ്ടമേളങ്ങള്‍ക്കുമൊപ്പം ഉഗ്രസ്‌ഫോടന ശബ്‌ദങ്ങളും പൂരങ്ങളെ കൊഴുപ്പിച്ചു. ഇതോടെയാണ് വെടി മരുന്ന് പടക്ക രൂപത്തിലേക്ക് യാത്ര ആരംഭിക്കുന്നത്. വെടിമരുന്ന് ഉപയോഗിച്ച് കൊല്ലാനുള്ള വിദ്യ നമ്മുടെ നാട്ടുകാര്‍ കണ്ടു തുടങ്ങിയത് യൂറോപ്യന്‍മാരുടെ വരവോടെയാണെന്നും വെള്ളനാട് രാമചന്ദ്രന്‍ പറയുന്നു. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ എത്തുന്നതിന് മുമ്പ് തന്നെ വെടിമരുന്നിൻ്റെ ഉപയോഗം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപകമാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്താല്‍ കേരളത്തിലേക്ക് വെടിമരുന്ന് എത്തിയത് ചൈന വഴിയാണെന്ന് തിരിച്ചറിയാനാകും. വ്യാപകമായ ഉപയോഗം സമീപകാല ചരിത്രത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെറിയ മുളങ്കമ്പുകളില്‍ വെടിമരുന്ന് നിറച്ച് ചൂടാക്കി പൊട്ടിക്കുന്ന രീതിയാണ് ഇന്നത്തെ പടക്കങ്ങളുടെ ആദ്യ രൂപമെന്ന് ചൈനീസ് ചരിത്ര ഗവേഷകനും ലണ്ടന്‍ സ്വദേശിയുമായ ജെയിംസ് ഡയര്‍ ബോള്‍ തൻ്റെ ചൈനീസ് സാധനങ്ങള്‍ (Chinese things) എന്ന പുസ്‌തകത്തില്‍ വിശദീകരിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമായിരുന്നു ആദ്യ കാലം മുതല്‍ പടക്ക നിര്‍മാണ കേന്ദ്രങ്ങളിലെ തൊഴിലാളികള്‍.
വൈക്കോലിൻ്റെയും മുളങ്കമ്പിൻ്റെ ഉള്‍പ്രതലവും കൊണ്ടുണ്ടാക്കിയ പേപ്പറായിരുന്നു പ്രാചീന ചൈനയില്‍ പടക്ക നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നതെന്നും ജെയിംസ് ഡയര്‍ ബോള്‍ വ്യക്തമാക്കുന്നുണ്ട്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായാണ് ഇന്ന് രാജ്യം മുഴുവന്‍ നാനാജാതി മതക്കാര്‍ പടക്കം പൊട്ടിച്ചും വിളക്ക് തെളിയിച്ചും ദീപാവലി ആഘോഷിക്കുന്നത്.
ഇടിവി ഭാരതിൻ്റെ എല്ലാ വായനക്കാര്‍ക്കും ദീപാവലി ആശംസകള്‍
Also Read: നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ബേസൻ ലഡ്ഡു തയ്യാറാക്കാം; അതും മിനിട്ടുകൾക്കുള്ളിൽ, റെസിപ്പി ഇതാ