എറണാകുളം: അനധികൃതമായി സർക്കാർ ബോർഡ് വച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ അന്ത്യ ശാസനം. ചട്ടലംഘനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് കോടതി വീണ്ടും ചോദിച്ചു.
വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് അനധികൃതമായി സർക്കാർ ബോർഡ് വച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതി അന്ത്യ ശാസനം നൽകിയത്. പൊലീസിനാണ് കോടതിയുടെ കർശന നിർദേശം.
സർക്കാർ എംബ്ലം അനധികൃതമായി പ്രദർശിപ്പിക്കുന്നുണ്ടെന്നും തങ്ങളെ ആരും നിയന്ത്രിക്കാനില്ലെന്ന ധാരണയാണ് ഇത്തരം ഉദ്യോഗസ്ഥർക്കെന്നും കോടതി വിമർശിച്ചു. പത്തനംതിട്ട കോടതിയിൽ എത്തിയപ്പോൾ ഹൈക്കോടതിയുടെ ബോർഡ് വച്ച വാഹനം കണ്ടെന്ന് ഡിവിഷൻ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കവെ ചൂണ്ടിക്കാട്ടി. സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന അഭിഭാഷകർ ഇത്തരം രീതി പിൻതുടരുന്നത് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.
ചട്ടലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ അടുത്തയാഴ്‌ച കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ സമർപ്പിക്കണമെന്നും ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഓഫിസർമാർ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിലടക്കം ഹൈക്കോടതി ഇതേ കേസിൽ നേരത്തെ വിമർശനം നടത്തിയിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.