എറണാകുളം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിങ്ങിന്‍റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്‌തു. 2023-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്‍റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ച ദിവസം ഹർജിക്കാരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് നാലാം വര്‍ഷ വിദ്യാര്‍ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും ഹൈക്കോടതിയെ സമീപിച്ചത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്.
സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ പരാതിയോ തെളിവുകളോ ഇല്ല. ഇരയെന്ന് പറയുന്ന വ്യക്തി റാഗിങ്ങിനാസ്‌പദമായ സംഭവം നടന്നിട്ടില്ലെന്ന് മൊഴി നൽകിയതായും ഹർജിക്കാർ കോടതിയെ അറിയിച്ചു.
Also Read :സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐ അന്വേഷിക്കും; ഉത്തരവിറക്കി സര്‍ക്കാര്‍
റാഗിങ് വിരുദ്ധ സമിതിയുടെ നടപടി രേഖകൾ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2023ൽ നടന്ന സംഭവത്തിൽ ഈ മാസം 15-നാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. റാഗിങ്ങിനിരയാക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന വ്യക്തി ഈ മാസം 19 ന് ചാൻസലർക്ക് മുന്നിൽ ഹാജരായി അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയെടുത്തത് ,സിദ്ധാർഥിന്‍റെ മരണത്തിനിടയാക്കിയതിന് സമാനമായ സംഭവങ്ങൾ മുൻപും നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാനാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.