എറണാകുളം: പള്ളിത്തർക്കത്തിൽ യാക്കോബായ വിഭാഗത്തിനും സർക്കാരിനും തിരിച്ചടി. ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ യാക്കോബായ വിഭാഗത്തിന്‍റെയും സർക്കാരിന്‍റെയും അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഓടക്കാലി, ചെറുകുന്നം ഉൾപ്പെടെയുള്ള 6 പള്ളികൾ സെപ്റ്റംബർ 30 നകം എറണാകുളം, പാലക്കാട് ജില്ലാ കളക്‌ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.
ഇക്കഴിഞ്ഞ ഓഗസ്‌റ്റ് അവസാനത്തോടെയാണ് എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ കളക്‌ടർമാർ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ യാക്കോബായ വിഭാഗവും സർക്കാരും അപ്പീലുകൾ നൽകിയെങ്കിലും അവ ഡിവിഷൻ ബഞ്ച് തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.
സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീലുകൾ തള്ളിയത്. പള്ളികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയ സിംഗിൾ ബഞ്ച്, താക്കോൽ അതത് കളക്‌ടർമാർ സൂക്ഷിക്കണമെന്നും ഉത്തരവിട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പള്ളികൾ കൈമാറണമെന്ന കോടതി വിധി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു സിംഗിൾ ബഞ്ച് നടപടി. ഡിവിഷൻ ബഞ്ചിൽ അപ്പീൽ നിലനിൽക്കവെ തന്നെ കോടതി ഉത്തരവ് പാലിച്ചേ മതിയാകൂവെന്ന് സിംഗിൾ ബഞ്ച് നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. പള്ളികൾ ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നമാണ് സർക്കാർ പലപ്പോഴും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
അതേസമയം, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ആത്മാർത്ഥമായി പരിശ്രമിക്കുന്നില്ലെന്ന് ഹൈക്കോടതി വിവിധ ഘട്ടങ്ങളിൽ വിമർശിച്ചിരുന്നു. മലങ്കര സഭയ്ക്കു കീഴിലെ പള്ളികൾ, 1934 ലെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും തർക്കത്തിലുള്ള പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിനു വിട്ടു നൽകണമെന്നുമായിരുന്നു 2017 ലെ സുപ്രീം കോടതി വിധി.