എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് ഹർജി അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. രേഖകൾ ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ വിദഗ്‌ധ പരിശോധന പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. ഫോറൻസിക് ലാബ് ,ഫിംഗർ പ്രിൻ്റ് ബ്യൂറോ എന്നിവരാണ് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്.
നേരത്തെ കരുവന്നൂരിലെ രേഖകൾ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ച് ഹർജി പിഎംഎൽഎ കോടതി തള്ളിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്നായിരുന്നു ക്രൈംബ്രാഞ്ച് ഇഡി കഴിഞ്ഞയാഴ്‌ച കോടതിയെ അറിയിച്ചത്.
രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണ് കരുവന്നൂരിലേത്. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പ അനുവദിച്ചു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്‌പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴത് വർധിച്ചുവെന്നുമായിരുന്നു ഇഡി ഹൈക്കോടതിയെ അറിയിച്ചത്.