എറണാകുളം: മസാല ബോണ്ട് ഇടപാടിലെ ഇ .ഡി സമൻസിൽ കിഫ്ബി ഫിനാൻസ് ഡി ജി.എം അജോഷ് കൃഷ്ണകുമാർ ഈ മാസം 27 ,28 തീയതികളിൽ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സി.ഇ.ഒ യ്ക്ക് പകരം ഡി.ജി.എം ഹാജരാകുമെന്ന കിഫ്ബിയുടെ മറുപടി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. അറസ്റ്റുണ്ടാകരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മൊഴി രേഖപ്പെടുത്തൽ വീഡിയോയിൽ പകർത്തണം. ഈ ഘട്ടത്തിൽ കിഫ്ബി ഡിജിഎം ഹാജരാകുന്നതിൽ എതിർപ്പില്ലെന്നായിരുന്നു ഇഡിയുടെ മറുപടി. പക്ഷെ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇഡി കർശന നിലപാടെടുക്കുകയും ചെയ്‌തു.
മസാല ബോണ്ട് ഇടപാടിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. അറസ്റ്റുൾപ്പെടെ ഉണ്ടാകില്ല, മസാല ബോണ്ട് ഇടപാടിൽ ഉപയോഗിക്കാൻ പാടില്ലാത്ത വിധം ഫണ്ടുകൾ വിനിയോഗിച്ചു. മസാല ബോണ്ടിടപാടിലെ വിവരങ്ങൾ അറിയാവുന്ന ആളായ ഐസക്ക് അന്യഗ്രഹ ജീവിയൊന്നുമല്ലല്ലോയെന്നും ഇ.ഡി കോടതിയോട് ചോദിച്ചു. കിഫ്ബി സിഇഒക്ക് ഹാജരായിക്കൂടെയെന്ന് കോടതി ചോദ്യമുന്നയിച്ചെങ്കിലും ഡി.ജി.എം ഹാജരാകട്ടെയെന്നും സി.ഇ.ഒ ഇപ്പോൾ ഹാജരാകേണ്ടതില്ലെന്നുമായിരുന്നു കിഫ്ബിയുടെ മറുപടി.
അതിനിടെ വിവരങ്ങൾ മാത്രമാണ് ഇ.ഡി ചോദിക്കുന്നതെന്ന് ഐസക്കിനോട് ഹൈക്കോടതി ആവർത്തിച്ചു പറഞ്ഞു. വിവരങ്ങൾ അറിയില്ലെങ്കിൽ അതും പറയാമല്ലോയെന്നായിരുന്നു ഐസക്കിനെ കോടതി ഓർമ്മിപ്പിച്ചത്. എല്ലാ രേഖകളും കിഫ്ബിയുടെ പക്കലാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ലെന്നുമായിരുന്നു ഐസക്കിന്‍റെ അഭിഭാഷകന്‍റെ മറുപടി.
തുടർന്ന് ഐസക്കിന്‍റെ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവിട്ടില്ല. കിഫ്ബിയുടെയും ,ഐസക്കിന്‍റെയും ഹർജികൾ ഹൈക്കോടതി മാർച്ച് 7 നു വീണ്ടും പരിഗണിക്കും. ഇഡി യുടെ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്.