തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് (ഓഗസ്‌റ്റ് 17) പുറത്ത് വിടില്ലെന്ന് സാംസ്‌കാരിക വകുപ്പ്. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നൽകിയ നടി രജ്ഞിനി ഇന്നലെ (ഓഗസ്‌റ്റ് 16) ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നിരവധി മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും നൽകിയ വിവരാവകാശത്തിന്‍റെ പശ്ചാതലത്തില്‍ ഈ മാസം 19 ന് മുന്‍പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിക്കുന്നത്.
എന്നാല്‍ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് പുറത്ത് വിടാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോര്‍ട്ടിനായി എത്താന്‍ സാംസ്‌കാരിക വകുപ്പ് ഇന്നലെ തന്നെ അറിയിപ്പ് നൽകിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ നടി രജ്ഞിനിയുടെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി നിര്‍ദേശം നിലനിൽക്കുന്നതിനാല്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാരിന് തടസമില്ല. എന്നാൽ ഈ വിഷയത്തിൽ കോടതിയെ സമീപിച്ചതായി നടി രജ്ഞിനി സാംസ്‌കാരിക വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാതലത്തിലാണ് റിപ്പോര്‍ട്ട് തത്കാലം പുറത്ത് വിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം.
Also Read: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഇത് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പ്രതിച്ഛായ തകർക്കുമോ? പരിശോധിക്കാം