തിരുവനന്തപുരം: ആര്‍ത്തവ ദിനങ്ങള്‍ സിനിമ സെറ്റുകളിലെ ദുരിതകാലമാണെന്നാണ് വനിത സിനിമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നൽകിയത്. ഈ ദിവസങ്ങളില്‍ സാനിറ്ററി പാഡുകള്‍ മാറ്റാനോ, ഉപയോഗിച്ചത് കളയാനോ ആവശ്യത്തിന് ശുദ്ധജലമോ ലഭിക്കാത്ത സ്ഥിതിയാണ്. മൂത്രമൊഴിക്കാനുള്ള സൗകര്യമില്ലാത്തത് കാരണം പലപ്പോഴും ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ പലയാളുകള്‍ക്കും മൂത്രത്തില്‍ അണുബാധയും അനുബന്ധ രോഗങ്ങളും പിടിപെടാറാണ് പതിവ്.
മൂത്രമൊഴിക്കേണ്ട ഉചിതമായ സ്ഥലത്തേക്ക് പോകാന്‍ പത്ത് മിനിറ്റ് നടക്കണമെന്ന കാരണം കൊണ്ട് മാത്രം തനിക്ക് അതിന് അവസരം നിഷേധിച്ച കാര്യം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കമ്മിറ്റിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. ഉചിതമായ സ്ഥലമില്ലാത്തത് കാരണം പല സ്ഥലത്തും മൂത്രമൊഴിക്കാതെ മണിക്കൂറുകളോളം തുടരേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. ഈ അനുഭവം നടിമാര്‍ക്ക് മാത്രമല്ല ഒട്ടനവധി വനിത കേശാലങ്കാര വിദഗ്‌ദര്‍, അവരുടെ അസിസ്റ്റന്‍റുമാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ തുടങ്ങിയവര്‍ക്കുമുണ്ടായിട്ടുണ്ട്.
വലിയ പണച്ചെലവുള്ളതാണെങ്കിലും സെറ്റുകളില്‍ ക്യാരവാന്‍ നൽകുമെന്ന് നിര്‍മ്മാതാക്കള്‍ പറയാറുണ്ടെങ്കിലും നായകന്മാര്‍ക്കും നായികമാര്‍ക്കും മാത്രമാണ് ക്യാരവാന്‍ സൗകര്യം അനുവദിക്കാറുള്ളത്. നായികമാരാകട്ടെ തങ്ങള്‍ക്ക് അനുവദിക്കുന്ന ക്യാരവാന്‍ മറ്റ് വനിതകളെ ഉപയോഗിക്കാന്‍ അനുവദിക്കാറുമില്ല. സെറ്റുകളില്‍ ഇ ടോയ്‌ലറ്റ് അനുവദിക്കുകയോ അതല്ലെങ്കില്‍ ക്യാരവാന്‍ ഏര്‍പ്പെടുത്തുകയോ വേണമെന്ന് ചിലര്‍ കമ്മിറ്റിക്ക് മുന്നില്‍ നിര്‍ദേശമുന്നയിച്ചു. നിര്‍മ്മാതാക്കള്‍ക്ക് ഇ ടോയ്‌ലറ്റ് ലഭ്യമാക്കാമായിട്ടും ആരും ഇക്കാര്യത്തിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാള സിനിമ പുരുഷ നിയന്ത്രിതമായിരുന്നാലാണ് ഈ പ്രശ്‌നം വേണ്ടവിധം മനസിലാക്കുകയോ പരിഹരിക്കുകയോ ചെയ്യാത്തതെന്നാണ് കമ്മിറ്റിക്ക് മുന്നിലെത്തിയവരുടെ വിലയിരുത്തല്‍. സിനിമ വ്യവസായത്തില്‍ ഈ ദുരിതം പുരുഷ സിനിമ പ്രവര്‍ത്തകരും കമ്മിറ്റിയോട് സമ്മതിച്ചു. എന്നാല്‍ വര്‍ഷങ്ങളായി സിനിമ മേഖലയില്‍ വനിതകളുണ്ടെന്നും അവര്‍ക്ക് അത്തരം പരാതികളൊന്നുമില്ലെന്നായിരുന്നു ഒരു പ്രമുഖ നടന്‍ നൽകിയ മൊഴി. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിന് ക്യാരവാനോ മറ്റ് വാഹനങ്ങളോ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നൊരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ അതുവേണ്ടെന്ന നിര്‍ദ്ദേശമാണ് ഭൂരിഭാഗം പേരും മുന്നോട്ടുവച്ചത്.
കാരണം ഇത്തരം സ്ഥലങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച് വനിത സിനിമ പ്രവര്‍ത്തകരുടെ നഗ്നത പകര്‍ത്തുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതിലൂടെ തങ്ങളുടെ സ്വകാര്യത സാമൂഹിക മാധ്യമങ്ങളിലൂടെ തൊട്ടടുത്ത ദിവസം തന്നെ പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാമെന്ന ആശങ്കയും ചിലര്‍ കമ്മിറ്റിക്ക് മുമ്പാകെ പങ്കുവച്ചു.
മൊഴി നൽകാന്‍ വിസമ്മതിച്ച് നര്‍ത്തകിമാരും ജൂനിയര്‍ വനിത ആര്‍ട്ടിസ്റ്റുകളും:
സിനിമ മേഖലയിലെ നര്‍ത്തകിമാരില്‍ നിന്ന് കമ്മിറ്റിക്ക് കടുത്ത നിസഹകരണമാണ് നേരിടേണ്ടി വന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നര്‍ത്തകിമാരുടെ വാടസ്‌ആപ്പ് കൂട്ടായ്‌മ രൂപീകരിച്ച് അതിലേക്ക് ഈ കമ്മിറ്റിയുടെ ഉദ്ദേശവും തെളിവെടുപ്പും നടത്തുന്നത് സംബന്ധിച്ച മെസേജ് നൽകിയപ്പോള്‍ തന്നെ പലരും ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റാവുകയാണ് ചെയ്‌തത്. സിനിമ മേഖലയില്‍ ആര്‍ക്കെതിരെയും ഒരു കാര്യവും കമ്മിറ്റിക്ക് മുമ്പാകെ മൊഴിയായി കൊടുക്കരുതെന്ന് നര്‍ത്തകിമാര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശമുണ്ടായിരുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ മനസിലാക്കാനായി.
എന്നിട്ടും രണ്ട് നര്‍ത്തകിമാര്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകാനെത്തി. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ തങ്ങളുടെ ട്രേഡ് യൂണിയന്‍ ശക്തമായതുകൊണ്ടു തന്നെ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന മൊഴിയാണ് നൽകിയത്. സിനിമയില്‍ അവസരം നഷ്‌ടമാകുമെന്ന് ഭയന്നാണ് അവര്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകാന്‍ എത്താത്തതെന്നാണ് കമ്മിറ്റി പിന്നീട് വിലയിരുത്തിയത്.
ഇതേ രീതിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമവും കമ്മിറ്റി നടത്തി. ഇവരുടെ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ പ്രായമായവരാണെന്നും തമിഴ്‌നാട്ടിലായതിനാല്‍ കൊച്ചിയിലോ സമീപ ജില്ലകളിലോ എത്താന്‍ കഴിയില്ലെന്ന മൊഴിയാണ് ലഭിച്ചത്.
കമ്മിറ്റി ചൂണ്ടിക്കാട്ടിയ വനിത സിനിമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍:
സിനിമ മേഖലയില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
- സിനിമയില്‍ അവസരം തേടിയെത്തുന്ന വനിതകളോട് ലൈംഗികാവശ്യം ഉന്നയിക്കുക.
- തൊഴിലിടങ്ങള്‍, യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വനിതകളെ ലൈംഗികമായി പീഡിപ്പിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുക
- ലൈംഗിക ആവശ്യങ്ങളെ എതിര്‍ക്കുകയോ താത്പര്യമില്ലെന്ന് പ്രകടിപ്പിക്കുകയോ ചെയ്യുന്നവരെ ഉപദ്രവിക്കുക.
- സിനിമയില്‍ വനിതകളുടെ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുക.
- താമസസ്ഥലങ്ങൾ, യാത്രായിടങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷിതത്വമില്ലായ്‌മ.
- സിനിമയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വനിതകളെ നിശബ്‌ദമാക്കുക.
- സിനിമ വ്യവസായത്തിലെ പുരുഷമേധാവിത്വവും പുരുഷ വിവേചനവും പുരുഷപക്ഷപാതിത്വവും.
- മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തൊഴിലിടങ്ങളിലെ അപമര്യാദയായ പെരുമാറ്റം തുടങ്ങി സിനിമ മേഖലയിലെ അച്ചടക്കരാഹിത്യം.
- തൊഴിലിടങ്ങളില്‍ ഫോണിലൂടെയുള്ള അശ്ലീല ചുവയുള്ള കമന്‍റുകള്‍.
- തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മിലുള്ള കരാറുകളുടെ ലംഘനം.
- സമ്മതിച്ച പ്രതിഫലം നിഷേധിക്കുക.
- വേതനതുല്യത ഇല്ലാതിരിക്കുകയും പ്രതിഫലത്തിലെ ലിംഗ വിവേചനവും.
- സിനിമ സാങ്കേതിക മേഖലയില്‍ സ്ത്രീകളെ നിരോധിക്കുകയോ കടന്നുവരാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുക.
- സിനിമ മേഖലയിലെ ആവലാതികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിയമപരമായ സ്ഥാപനത്തിന്‍റെ അഭാവം.