പത്തനംതിട്ട: പത്തനംതിട്ട നിലയ്ക്കൽ അത്തോട്ടിൽ ശക്തമായ വേനല്‍ മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്. കുന്നേല്‍ വീട്ടില്‍ ആശയ്ക്കാണ് പരിക്കേറ്റത്. ഇവർ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടി.
പടിഞ്ഞാറേക്കര ആദിവാസി കോളനിയിലെ മൂന്ന് കുടിലുകൾ ഉൾപ്പെടെ കോളനിയിലെ 22 വീടുകള്‍ക്ക് കേടുപാട് പറ്റി. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമാണുണ്ടായത്. ഇതിൽ കല്ലുങ്കൽ തങ്കപ്പൻ എന്നയാളുടെ വീട് പൂർണമായും തകർന്നു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റാണ് ഏറെ നാശം വിതച്ചത്. മരങ്ങളിൽ ചിലത് കടപുഴകി മറ്റു ചിലതിന്‍റെ ശിഖരങ്ങള്‍ അടർന്നു വീണു. വീടുകളുടെ മേല്‍ക്കൂരകൾ തകര്‍ന്ന നിലയിലാണ്. ചില വീടുകളുടെ ഭിത്തിക്കും, വീട്ടുപകരണങ്ങൾക്കും കേടുപാടുകളുണ്ട്.
തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കോളനിയിലെ സബ് സെന്‍ററിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ 21 അംഗങ്ങളുണ്ട്. ചാലക്കയം- നിലയ്ക്കല്‍ റോഡില്‍ മരം വീണ് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചിരുന്നു.
Also Read:ചൂടിന് ആശ്വാസമായി വേനൽ മഴ; കോഴിക്കോട്ടെ മലയോര മേഖലയില്‍ വന്‍ നാശനഷ്‌ടം