കോഴിക്കോട് : സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് (ജൂലൈ 17) ഒരു മരണം. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡിഷ സ്വദേശി ദിസ്‌ക് മണ്ഡികയാണ് മരിച്ചത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയും മഴക്കെടുതികളും തുടരുകയാണ്.
കനത്ത മഴയിൽ മരം വീണ് കല്ലാച്ചിയിൽ വീട് തകർന്നു. ജിസിഐ റോഡിൽ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് തകർന്നത്. അപകട സമയത്ത് എല്ലാവരും ഇറങ്ങി ഓടിയതിനാൽ ആളപായമില്ല.
തോരാമഴയിൽ മലയോര പ്രദേശങ്ങളും ആശങ്കയിലാണ്. ഉൾവനത്തിൽ കനത്തമഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ വെള്ളത്തിലകപ്പെട്ടു. വിലങ്ങാട് ടൗണിലെ പഴയ പാലം വെള്ളത്തിനടിയിലായി.
ജല വൈദ്യുതി പ്രദേശമായ പാനോം ഡാം സൈറ്റിലും ശക്തമായ മലവെള്ള പാച്ചിലുണ്ടായി. മയ്യഴി പുഴയുടെ ഉത്‌ഭവ കേന്ദ്രമായ വാണിമേൽ പുഴയിലും ജലവിതാനം ഉയർന്നു. പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗത്തിന്‍റെ നിർദേശം ഉണ്ട്.
കനത്ത മഴയിൽ വിലങ്ങാട് പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും കോഴിക്കോട് വിലങ്ങാട് എല്ലാ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്‌തു. വിലങ്ങാട് ഹൈസ്‌കൂൾ, സെൻ്റ് ജോർജ് എച്ച്എസ് വിലങ്ങാട്, സ്‌റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് ഇന്ന് അവധി. വെള്ളക്കെട്ടിനെ തുടർന്ന് മാളിക്കടവ് റോഡ് അടച്ചു. പൂനൂർ പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്.
ജില്ലയിൽ 34 വില്ലേജുകളിലാണ് മഴക്കെടുതി. 33 വീടുകൾ ഭാഗികമായി തകർന്നു. മാത്രമല്ല ജില്ലയിൽ 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പെരുവണ്ണാമുഴി ഡാമിൻ്റെ 4 ഷട്ടറുകൾ തുറന്നു. കക്കയം ഡാമിന്‍റെ ഷട്ടറും തുറന്നു. കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: വെള്ളപ്പൊക്ക കെടുതി രൂക്ഷം; വീടൊഴിഞ്ഞവർക്ക് തിരിച്ചെത്താൻ ആയില്ല