കോഴിക്കോട്: പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച ശക്തമായ മഴ ഇന്നും ചോരാതെ തുടരുന്ന സാഹചര്യത്തിലാണ് രണ്ടു പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. നിരവധി വീടുകളിലാണ് വെള്ളം ഇരച്ചെത്തിയത്. അപ്രതീക്ഷിതമായി മഴയിൽ വെള്ളം എത്തിയതോടെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റ് വീട്ടുസാമഗ്രികളും വെള്ളത്തിൽ മുങ്ങി നശിച്ചു. കൂടാതെ ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
വലിയ നഷ്‌ടമാണ് മിക്ക വീട്ടുകാർക്കും സംഭവിച്ചത്. പെരുമണ്ണ, പുത്തൂർ മഠം,ജ്യോതി ബസ്‌റ്റോപ്പ്, പൂളങ്കര ,പാലാഴി തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മിക്ക വീട്ടുകാരും ഇന്നലെ രാത്രി തന്നെ വീട് ഒഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമേ ഗ്രാമീണ റോഡുകളും പ്രധാന റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങി.
മിക്ക റോഡുകളിലൂടെയുമുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. മഴവെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനങ്ങൾ എല്ലാം അടഞ്ഞുപോയതാണ് ആദ്യ മഴയിൽ തന്നെ ഇത്രയധികം ദുരിതത്തിന് കാരണമായത്. മഴ ഇതേനിലയിൽ തുടർന്നാൽ ഇരു പഞ്ചായത്തുകളിലും ഇനിയും നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങും.