കൊല്ലം: പുനലൂർ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം, അരുണോദയം കോളനിക്ക് സമീപം ഉരുൾപൊട്ടിയതായി സംശയം. വനത്തില്‍ നിന്നും കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്ലാൻ്റേഷൻ പൈപ്പ് വഴി ചെളിയും വെള്ളവും ശക്തമായി ഒഴുകിയെത്തിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെന്മല മാർക്കറ്റിലും ചാലിയക്കരയിലും വെള്ളം കയറി. കനത്ത മഴയിൽ കിഴക്കൻ മലയോര ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. തെന്മല, അയ്യപ്പൻ കാന, തെന്മല മാർക്കറ്റ്, കഴുതുരുട്ടി, മൂന്നാം ഡിവിഷൻ, നെടുംമ്പാറ, ചാലിയക്കര, അംബിക്കോണം തുടങ്ങിയ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിലായത്. കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം ഉണ്ടായി. അമ്പിക്കോണത്തെ തോട്ടിലും റബർ തോട്ടങ്ങളിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് അനുഭവപ്പെട്ടത്.
ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി, കഴുതുരുട്ടി മൂന്നാം ഡിവിഷൻ, നെടുംമ്പാറ, അമ്പനാട് തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ ജലസ്രോതസുകൾ കര കവിഞ്ഞു. ശക്തമായ ഇടിമിന്നലിൽ ദേശീയ പാതയോരത്തെ മണ്ണിടിഞ്ഞു. സമീപത്തെ തേവർകുന്ന് അടക്കമുള്ള സ്ഥലങ്ങളിൽ മരം കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. മഴയിൽ ആളപായമോ, മറ്റ് നാശനഷങ്ങളോ സംഭവിച്ചിട്ടില്ല.
രണ്ട് വർഷം മുമ്പ് അരുണോദയം കോളനിക്ക് സമീപത്ത് ഉൾവനത്തിൽ ഉരുൾപൊട്ടി നിരവധി വീടുകൾ നശിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മന്ത്രി കെ. രാജനും വിദഗ്‌ധ സംഘവും സ്ഥലം സന്ദർശിച്ചിരുന്നു.
Also Read : മഴയില്‍ മുങ്ങി ബെംഗളൂരു; നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു