തിരുവനന്തപുരം : കടുത്ത വേനലില്‍ തീപിടിത്ത സാധ്യതയൊഴിവാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്‌ണതരംഗ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
പാലിക്കേണ്ട മുന്‍കരുതലുകള്‍
- വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂടുപിടിച്ചും, വയര്‍ ഉരുകിയും തീപിടിത്തത്തിന് സാധ്യതയുള്ളതിനാല്‍ ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യുക. രാത്രിയില്‍ ഓഫിസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളിലും ഉള്ള ഫാന്‍, ലൈറ്റ്, എസി എന്നിവ ഓഫ് ചെയ്‌ത് സൂക്ഷിക്കണം.
- വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
- മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍, ചപ്പുചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടിത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തണം. കൃത്യമായ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണം. സ്ഥാപനങ്ങള്‍ക്കോ വീടുകള്‍ക്കോ സമീപം ഇത്തരം സ്ഥലങ്ങളുണ്ടെങ്കില്‍ ജാഗ്രത പാലിക്കണം.
- തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.
- വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് വെയിലേല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
- കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കണം.
- എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണം.
ALSO READ: ഉഷ്‌ണ തരംഗ മുന്നറിയിപ്പ് : പാലിക്കേണ്ട മുന്‍കരുതലുകള്‍ ഇങ്ങനെ