കാസർകോട്: ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഹീറ്റ് റാഷ് തടയുന്നതിന് തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പ രഹിതമായി സൂക്ഷിക്കണം. ഏത് സാഹചര്യങ്ങളിലായാലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഡോക്‌ടറെ കണ്ട് ചികിത്സ തേടണം.
ഓയിന്‍റ്‌മെന്‍റ്, ലോഷൻ, ക്രീം, പൗഡർ എന്നിവ ഉപയോഗിക്കരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം കാസർകോട് ജില്ലയിൽ വേനൽ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എവി രാംദാസ് അറിയിച്ചു.
- എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറക്കുന്നതിന് സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് സൂര്യാഘാതം എന്ന് പറയുന്നത്. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്‍റെ താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും താപ നിയന്ത്രണം നഷ്‌ടപ്പെടുകയും തലച്ചോർ, ഹൃദയം രക്തധമനികൾ, കിഡ്‌നി മുതലായ അവയങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരാരിലാവുകയും ചെയ്യും. സൂര്യാഘാതം സംഭവിച്ച് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ലക്ഷണങ്ങള്‍
- ഉയര്‍ന്ന ശരീര താപനില (104 ഡിഗ്രി ഫാരന്‍ഹീറ്റ്)
- വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം
- മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, പിച്ചും പേയും പറയൽ
- ശക്തമായ തലവേദന, തലകറക്കം
- മന്ദഗതിയിലുള്ള നാഡിമിടിപ്പ്
- അബോധാവസ്ഥ
വെയിലത്ത് ജോലി ചെയ്യുകയോ വെയിലേൽക്കുകയോ ചെയ്യുന്നവരിൽ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
- സൂര്യതാപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)
സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്‌ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതത്തിന്‍റെ അവസ്ഥയിലേക്ക് മാറിയേക്കാം.
- സൂര്യതാപവും മറ്റു പ്രശ്‌നങ്ങളും
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിച്ചേക്കാം. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്‌ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ കുടിച്ച് വിശ്രമിക്കുക.
സൂര്യാഘാതവും താപ ശരീര ശോഷണവും ഉണ്ടാകുമ്പോള്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍
- സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറ്റുക.
- തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുക, ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
- എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
പ്രത്യേകം ശ്രദ്ധ വേണ്ടവര്‍
- 65 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍
- നാലു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍
- പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം പോലുള്ള രോഗമുള്ളവര്‍
- വെയിലത്ത് ജോലി ചെയ്യുന്നവര്‍
- പോഷകാഹാര കുറവുള്ളവര്‍
- തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍.
- കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉൾപ്പടെയുള്ളവർ
പ്രതിരോധ മാര്‍ഗങ്ങള്‍
- ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
- വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്‌ക്ക് 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
- കുട്ടികളെ ഒരു കാരണവശാലും വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
- വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാന്‍ അനുവദിക്കുക.
- കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്‌ത്രങ്ങള്‍ ധരിക്കുക.
- വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്.
- വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്‌ടപ്പെടാൻ സാധ്യതയുള്ളതിനാൽ, ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാര-ഉപ്പ് ചേർത്ത പാനീയങ്ങൾ എന്നിവ കുടിക്കുക.
- സൂര്യാഘാതം മൂലം കുഴഞ്ഞു വീണാല്‍ അടിയന്തിര ചികിത്സ നല്‍കണം.
Also Read: ചുട്ടുപൊള്ളുന്ന ചൂടിലും മേക്കപ്പ് ഇളകാതെ നിലനിര്‍ത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി