എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയും. അതുവരെ സ്‌റ്റേ തുടരും. കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതി ചൊവ്വാഴ്‌ച വിധി പറയാനായി മാറ്റിയത്.
ഹർജിയിൽ ഡബ്ല്യുസിസി, സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവരെ കക്ഷി ചേർത്ത കോടതി ഇരുവരുടെയും വാദം കേട്ടു. റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിക്കാരൻ്റെ ആവശ്യം സംശയാസ്‌പദമെന്നാണ് ഡബ്യുസിസിയുടെ വാദം. സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ സർക്കാരിനൊരു മാർഗരേഖയാണ് റിപ്പോർട്ടെന്ന് വനിത കമ്മീഷൻ വാദിച്ചു.
റിപ്പോർട്ടിൻ്റെ സംഗ്രഹ ഭാഗവും, ശുപാർശയും പുറത്ത് വിടണമെന്നാണ് കമ്മീഷൻ്റെ ആവശ്യം. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് കമ്മിറ്റിയ്ക്ക് മുൻപിൽ മൊഴി നൽകിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ അനുവദിക്കരുതെന്നും ഹർജിക്കാരൻ ആവർത്തിച്ചു.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷൻ ഹൈക്കോടതിയിൽ കഴിഞ്ഞ തവണ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിട്ടാൽ തൻ്റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് പുറത്ത് വിടാനുള്ള തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരൻ വാദമുന്നയിച്ചിരുന്നു.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയും : പാർവതി തിരുവോത്ത്