എറണാകുളം: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹര്‍ജി ഇന്ന് (ഓഗസ്റ്റ് 6) ഹൈക്കോടതി വീണ്ടും പരിഗണിക്കും. തന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കോടതി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താത്കാലികമായി തടഞ്ഞിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയായിരുന്നു കോടതിയുടെ അപ്രതീക്ഷിത നടപടി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടഞ്ഞുകൊണ്ടുളള ഇടക്കാല ഉത്തരവിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവരുടേത് പൊതുതാത്പര്യമല്ല. റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് പുറത്തുവിടുന്നത് എന്നതാണ് ഹര്‍ജിക്കാരുടെ ചോദ്യം. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.
തെരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിടുന്നത്. സ്വകാര്യ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിലാണ് ഇന്ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുക.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തില്‍ ഭയപ്പെടേണ്ടതായിട്ട് ഒന്നുമുണ്ടെന്ന് തോന്നുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. റിപ്പോർട്ടിനെ കുറിച്ചുളളത് അനാവശ്യ ഭയമാണ്. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലൻ പറഞ്ഞു.
Also Read: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഇത് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പ്രതിച്ഛായ തകർക്കുമോ? പരിശോധിക്കാം