എറണാകുളം: പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയുടെ ജിഎസ്‌ടി 18 ശതമാനത്തിൽ നിന്നും 5 ശതമാനമായി വെട്ടികുറച്ച് കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. സർക്കാർ സമർപ്പിച്ച അപ്പീലിന്മേലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തികൊണ്ടുള്ള ജിഎസ്‌ടി നിരക്ക് പട്ടികയിൽ പൊറോട്ട ഉൾപെടാത്തതിനാൽ 18 ശതമാനം നികുതി ഈടാക്കാൻ അവകാശമുണ്ടെന്നാണ് അപ്പീലിൽ സർക്കാരിന്‍റെ വാദം.
അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്നീട് വിശദമായി വാദം കേൾക്കും. മലബാർ പൊറോട്ട, ബ്രഡിനു സമാനമെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ജിഎസ്‌ടി ഇളവ് അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം പാക്കറ്റിലാക്കിയ മലബാർ പൊറോട്ട, ഗോതമ്പ് പൊറോട്ട എന്നിവയ്ക്ക് അഞ്ച് ശതമാനം ജിഎസ്‌ടി മാത്രം ബാധകമാക്കിയിരുന്നു.
ഈ രണ്ട് ഉൽപ്പന്നങ്ങൾക്കും 18 ശതമാനം ജിഎസ്‌ടി ചുമത്തിയതിനെതിരെ ഫുഡ് പ്രോഡക്‌ട് കമ്പനി നൽകിയ ഹർജി ഭാഗികമായി അനുവദിച്ചായിരുന്നു ഇളവ് അനുവദിച്ചു കൊണ്ടുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.