എറണാകുളം: ഉദ്യോഗാർഥിയുടെ ജാതി നിർണയം സംബന്ധിച്ച് അന്വേഷണം നടത്താൻ പിഎസ്‌സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമത്വം നടത്തിയെന്ന പേരിൽ ഉദ്യോഗാർഥിയുടെ നിയമനം തടഞ്ഞ പിഎസ്‌സി നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ജാതി സർട്ടിഫിക്കറ്റിലെ കൃത്രിമത്വം സംബന്ധിച്ച കാര്യം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറുകയാണ് പിഎസ്‌സി ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർഥിയുടെ ഫയർമാൻ തസ്‌തികയിലേക്കുള്ള നിയമന ഉത്തരവ് പിൻവലിച്ച പിഎസ്‌സിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹിന്ദു നാടാർ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥി ആദ്യം ജയിൽ വാർഡൻ തസ്‌തികയിലേക്ക് നിയമിക്കപ്പെടുകയും പിന്നീട് ഈ ജോലി രാജിവച്ച് ഫയർമാൻ നിയമനം സ്വീകരിക്കുകയുമായിരുന്നു.
അതിനിടയിൽ അപേക്ഷകൻ ക്രൈസ്‌തവ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുവെന്നും പിന്നീട് വീണ്ടും ഹിന്ദു മതത്തിലേക്ക് തിരികെ വന്നതായും ഇക്കാലയളവിൽ സംവരണത്തിൽ നേടിയ നിയമനം ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമത്വം നടത്തിയാണെന്നുമായിരുന്നു പിഎസ്‌സിയുടെ കണ്ടെത്തൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് ഉദ്യോഗാർഥിക്കെതിരെ കേസെടുക്കുവാൻ നിർദേശിക്കുകയും വരാനിരിക്കുന്ന നിയമനങ്ങൾക്ക് അപേക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്‌തു. അതേ സമയം നിയമന ഉത്തരവ് അടക്കം പിൻവലിച്ച പിഎസ്‌സി നടപടി ട്രിബ്യൂണൽ ശരിവച്ചെങ്കിലും ഹൈക്കോടതി ചില നിരീക്ഷണങ്ങളോടെ റദ്ദാക്കി.
ജാതി സർട്ടിഫിക്കറ്റിലെ കൃത്രിമത്വത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാനും മറ്റും പിഎസ്‌സിക്ക് അധികാരമില്ല. മറിച്ച് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിഷയം ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറുക മാത്രമാണ് ചെയ്യേണ്ടതെന്നും ഉദ്യോഗാർഥിയുടെ ജാതി നിർണയം നടത്താൻ പിഎസ്‌സിക്ക് അധികാരമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.