എറണാകുളം : ലിവിങ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നുണ്ടാകുന്ന മാനസിക - ശാരീരിക പീഡനം ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി. പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമെ ഭർത്താവാകു എന്നും കോടതി വ്യക്തമാക്കി.
ലിവിങ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക - മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി കേസ് എടുക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2023 മാർച്ച് മുതൽ ഓഗസ്റ്റ് വരെ യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ഹർജിക്കാരനെതിരായ കേസ്. എന്നാൽ യുവതിയുമായി ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് മാത്രമാണെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.
നിയമപരമായി വിവാഹം കഴിക്കുമ്പോൾ മാത്രമെ പങ്കാളി ഭർത്താവായി മാറുന്നുള്ളൂ. പങ്കാളി ഒരിക്കലും ഗാർഹിക പീഡനത്തിന്‍റെ പരിധിയിലെ ഭർത്താവെന്ന കണക്കിലേക്ക് വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: പതിനൊന്നുകാരന് ലൈംഗിക പീഡനം; പ്രതിയ്ക്ക് 65 വര്‍ഷം കഠിനതടവും പിഴയും