എറണാകുളം: തലസ്ഥാന നഗരത്തിന്‍റെ നിലവിലെ സ്ഥിതി മോശമെന്ന് ഹൈക്കോടതി. നഗരത്തിന്‍റെ എല്ലാ ഭാഗത്തും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി ദയനീയമെന്നും കുറ്റപ്പെടുത്തി. ആമയിഴഞ്ചാൻ തോട്ടിലെയും തിരുവനന്തപുരം നഗരത്തിലെയും മാലിന്യ പ്രശ്‌നം പഠിച്ച അമിക്കസ് ക്യൂറി, നഗര ഭാഗങ്ങളിലെല്ലാം മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നത് അടക്കമുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട് സമര്‍പ്പിച്ചത്.
ഈ റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തലസ്ഥാന നഗരം മോശം സ്ഥിതിയിലെന്ന് വിലയിരുത്തുകയായിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പരിശോധിച്ച കോടതി ദയനീയമെന്നും കുറ്റപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുളള ശക്തമായ നടപടികൾ സ്വീകരിക്കും. ആമയിഴഞ്ചാൻ പൂർണമായി ശുചീകരിക്കുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാർട്മെന്‍റ് തയാറാക്കിവരികയാണ്.
ട്രാഷ് ബൂമുകൾ എല്ലാ ദിവസവും വൃത്തിയാക്കും. തോടിന്‍റെ വിവിധ ഭാഗങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. കനാലുകളുടെ വേലികൾ പൊളിഞ്ഞ് കിടക്കുന്നത് ഉടൻ ശരിയാക്കാൻ നിർദേശം നൽകിയെന്നും തദ്ദേശ വകുപ്പ് സെക്രട്ടറി ഓൺലൈനായി ഹാജരായി ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ നടപടികൾ ഓരോന്നായി പരിശോധിക്കുമെന്ന് തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു.
കൊച്ചി കോർപറേഷനെയും ഹൈക്കോടതി വിമർശിച്ചു. റോഡുകളിലെ മാലിന്യം കൊച്ചി കോർപറേഷൻ നീക്കം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് പറഞ്ഞ കോടതി ദിനംപ്രതി റോഡുകളിലെ മാലിന്യം കൂടി വരുന്നതായും നിലവിലെ സ്ഥിതി ദയനീയമാണെന്നും കുറ്റപ്പെടുത്തി.