തൃശൂർ : തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ 6 മീറ്റർ ദൂരപരിധിയിൽ തീവെട്ടി ഉൾപ്പെടെ പാടില്ല എന്ന് ഹൈക്കോടതി. തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പ് പ്രതിസന്ധിയുണ്ടാക്കിയതോടെയാണ് വിഷയം പ്രത്യേക സിറ്റിങ്ങിലൂടെ ഹൈക്കോടതി പരിഗണിച്ചത്. ആചാരത്തിന്‍റെ ഭാഗമായി കുത്തു വിളക്കിന് അനുമതിയുണ്ട്.
ആനകൾ നിൽക്കുന്നയിടത്തു നിന്നും ജനങ്ങൾ പാലിക്കേണ്ട ദൂരപരിധി കുടമാറ്റത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്ന് പാറമേക്കാവ് ഉൾപ്പെടെയുള്ള ദേവസ്വങ്ങൾ അറിയിച്ചതോടെയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇളവ് ലഭിച്ചത്.
തീവെട്ടി ആചാരത്തിന്‍റെ ഭാഗമല്ലെന്നു വിലയിരുത്തിയാണ് ദൂരപരിധി ഇളവിൽ നിന്നും ഒഴിവാക്കിയത്. പൂര എഴുന്നള്ളിപ്പിനുള്ള ആനകളുടെ ഫിറ്റ്നസ് സംബന്ധിച്ച് മേൽനോട്ട ചുമതല ചീഫ് വൈൽഡ് ലൈഫ് വാർഡനെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആന എഴുന്നള്ളിപ്പ് വിവാദ സർക്കുലർ ഭേദഗതി വരുത്തിയതായി വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
വാദത്തിനിടെ കാഴ്‌ച ശക്തി കുറവുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. 3 ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തിയ 6 സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നാണ് വനം വകുപ്പ് മറുപടി നൽകിയത്. രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കിൽ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കോടതി നിലപാടെടുത്തെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
പൂരത്തിൽ ആനകൾക്ക് ചുറ്റും പൊലീസും വൊളന്‍റിയർമാരും സംരക്ഷണം ഒരുക്കണമെന്നും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ നിശ്ചിത ഇടവേളകളിൽ ആനകൾക്ക് വെള്ളം നനച്ചു കൊടുക്കണമെന്നും ഉത്സവാഘോഷങ്ങൾക്ക് കുറഞ്ഞത് 12 മണിക്കൂർ മുൻപ് ഡോക്‌ടർമാർ ആനകളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നും ഒരുപക്ഷേ ആന ഇടഞ്ഞാൽ ലോഹത്തോട്ടി ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്നുറപ്പു വരുത്തണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവിൽ നിർദേശം നൽകിയിരുനിന്നു. ഈ ഉത്തരവുകൾ കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം വന്നത്.