എറണാകുളം: കാലടി സർവകലാശാല വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന മുന്‍ വിസി ഡോ എം വി നാരായണന്‍റെ അപ്പീല്‍ ഹര്‍ജി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്‌റ്റേ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഗവർണറുടെ നടപടി അംഗീകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവയ്‌ക്കുകയായിരുന്നു.
ജസ്‌റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഗവർണറുടെ പുറത്താക്കൽ നടപടി സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും സിംഗിൾ ബെഞ്ച് ഇക്കാര്യം കൃത്യമായി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ ഹർജി. കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കിയ നടപടി സ്‌റ്റേ ചെയ്‌ത ഹൈക്കോടതി ഇന്നലെയാണ് (മാര്‍ച്ച് 22) കാലടി സർവകലാശാല വിസിയെ പുറത്താക്കിയ നടപടി ശരിവച്ചത്.
കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതില്‍ യുജിസി ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോ എം കെ ജയരാജിനെ ചാൻസലറായ ഗവർണർ പുറത്താക്കിയത്. എന്നാൽ ചീഫ് സെക്രട്ടറിയെ അക്കാദമിക വിദഗ്‌ധനായി കണക്കാക്കാൻ കഴിയുമോയെന്ന് കോടതി നേരത്തെ ചോദിച്ചു. സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടാൻ തക്ക യോഗ്യനല്ല ചീഫ് സെക്രട്ടറിയെങ്കിൽ അക്കാര്യം ഹർജിക്കുമേല്‍ വാദം കേട്ട് തീരുമാനിക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കാലടി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി ഒരാളെ മാത്രമാണ് ശുപാർശ ചെയ്‌തത്. ഇതുകൂടി പരിഗണിച്ചായിരുന്നു എം വി നാരായണനെ പുറത്താക്കിയ നടപടിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെടാതിരുന്നതും. പുറത്താക്കപ്പെട്ട വിസിമാരുടെ നിയമനങ്ങൾ യുജിസി ചട്ടപ്രകാരമായിരുന്നില്ലെന്നും വിജ്ഞാപനം മുതൽ അപാകതയുണ്ടെന്നുമായിരുന്നു യുജിസിയുടെ നിലപാട്.