കണ്ണൂര്‍: കല്യാണ വീടിന്‍റെ കോണില്‍ നിന്നും ഉയരുന്ന ശബ്‌ദം കേട്ട് ആളുകള്‍ കൂടുകയാണ്. ചായകുടിക്കൂ... സമ്മാനം നേടൂ... ഒന്നാം സമ്മാനം ഒരു കിലോ സ്വര്‍ണം. രണ്ടാം സമ്മാനം രണ്ട് കോടിയുടെ ഡയമണ്ട് നെക്ലേസ്. ശബ്‌ദം കേട്ട ഭാഗത്തേക്ക് ആളുകള്‍ നീങ്ങുമ്പോള്‍ അനൗണ്‍സ്‌മെന്‍റ് മാറുന്നു.
കാല്‍മുട്ട് വേദന, കൈകാല്‍ കടച്ചില്‍, മാനസിക അസ്വസ്ഥത, സാമ്പത്തിക ബുദ്ധിമുട്ട് ഇവ മാറ്റാന്‍ ചായകുടിക്കൂ. അലങ്കാര വിളക്കുകളും പന്തലുമൊക്കെ എത്ര മനോഹരമാക്കിയാലും വിശേഷ ദിവസങ്ങള്‍ക്ക് പകിട്ടേകാന്‍ ഹമീദിന്‍റെ ചായക്കട അനിവാര്യമാവുകയാണ്. കല്യാണത്തിനും ഗൃഹപ്രവേശത്തിനും ഹമീദിന്‍റെ ചായക്കടയുണ്ടെങ്കില്‍ എല്ലാം കുശാലായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വിവാഹത്തിന്‍റെ തലേദിവസമാണ് ഹമീദിന്‍റെ ചായക്കട സജീവമാകുന്നത്. രണ്ട് മേശകള്‍ വച്ച് സെറ്റുചെയ്‌ത തട്ടുകട വിവാഹ വീട്ടിലെ പ്രത്യേക ഇടത്തില്‍ സജ്ജീകരിക്കുന്നു. കടയുടെ മുകളിലും വശങ്ങളിലും തെങ്ങോല കൊണ്ടുളള മേല്‍ക്കൂര. കല്യാണ വീട്ടില്‍ ഈ തട്ടുകടയിലെന്ത് കാര്യം എന്ന് ആദ്യം തോന്നുമെങ്കിലും പിന്നീട് ഇവിടെ നിന്ന് എന്തെങ്കിലും കഴിച്ച് ആസ്വദിച്ചേ മടങ്ങൂ.
കണ്ണാടിത്തട്ടില്‍ പഴംപൊരി, ഉണ്ടക്കായ തുടങ്ങി അര ഡസന്‍ മധുര പലഹാരങ്ങള്‍. എരുവ് പ്രിയമുളളവര്‍ക്ക് ബോണ്ടയും പക്കാവടയും പരിപ്പു വടയുമടക്കമുണ്ട്. കടയുടെ കൗതുകം ഇത് മാത്രമല്ല. പഴയകാല പെട്രോമാക്‌സ്, തത്തക്കൂട്, പാവകളും മാലകളും ഉറിയുമൊക്കെ വില്‍പ്പനക്കായി തൂക്കിയിട്ടപോലെ. എന്നാല്‍ ഇതൊന്നും കച്ചവടത്തിനല്ല.
തീര്‍ന്നില്ല വിശേഷങ്ങള്‍... നിത്യഹരിത നായകന്‍ പ്രേം നസീറും സത്യനും അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍, തോല്‍ക്കാന്‍ എനിക്ക് മനസില്ല തുടങ്ങിയ പഴയകാല ജനപ്രിയ ചലച്ചിത്രങ്ങളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പത്തെ കേരളം ഹമീദിന്‍റെ ചായക്കടയില്‍ ദര്‍ശിക്കാം. വടക്കേ മലബാറില്‍ കല്യാണത്തിന് എന്ത് കെങ്കേമ സദ്യ ഉണ്ടായാലും 'ഹമീദിന്‍റെ പ്രഭാഷണവും' വിവിധ തരം ചായകളും പങ്കെടുക്കുന്നവര്‍ക്ക് ഹൃദ്യമാവുകയാണ്.
ചായ, കാപ്പി, ലൈം ടീ, സുലൈമാനി, ചുക്ക് കാപ്പി, കട്ടന്‍ ചായ, ഇവയെല്ലാം ഞൊടിയിട കൊണ്ട് ഹമീദ് നല്‍കും. സഹായിയായി അയല്‍വാസിയായ ബാബുവുമുണ്ട്. 2016ലാണ് മട്ടന്നൂര്‍ മരുതായിയിലെ ഹമീദ് വിശേഷ ദിവസങ്ങളില്‍ ചായ വണ്ടി ഒരുക്കിത്തുടങ്ങിയത്. ആദ്യം ഒരു കൗതുകത്തിന് ആളുകള്‍ വിളിച്ചെങ്കിലും പിന്നീട് ഹമീദിന്‍റെ ചായക്കടയുണ്ടെങ്കിലേ കല്യാണം അടിപൊളിയാകൂ എന്നായി.
ഇതുവരെയായി ആയിരത്തിലേറെ വീടുകളില്‍ ആഘോഷങ്ങള്‍ക്ക് ഹമീദിന്‍റെ തട്ടുകട ഒരുക്കിയിട്ടുണ്ട്. ഒരാഘോഷത്തിന് കടയൊരുക്കാന്‍ ആറായിരം രൂപയാണ് ഹമീദിന് നല്‍കേണ്ടത്. രണ്ട് മേശയും ചായപ്പൊടി, പഞ്ചസാര, പാല്‍ പലവകയും നല്‍കണം. ഒരേ ദിവസം തന്നെ ഒട്ടേറെ കല്യാണം വരുന്നതാണ് ഹമീദിന്‍റെ ദുഖം. ഏതെങ്കിലും ഒരു സ്ഥലത്തെ കടയിടാന്‍ പറ്റൂ. മാത്രമല്ല തന്നെ പോലെ വാചാലനായി സംസാരിക്കാനുളള കഴിവും വേണം. അതിനാല്‍ ആദ്യം ആര് ബുക്ക് ചെയ്യുന്നുവോ അവരെ മാത്രമേ പരിഗണിക്കാനാവുന്നുള്ളൂ. അടുത്ത സ്ഥലത്തേക്കുളള തീയ്യതി ഓര്‍പ്പിച്ചു കൊണ്ട് ഹമീദ് സജീവമാവുകയാണ്.
Also Read: കടലും പുഴയും ഒന്നിക്കുന്നയിടം; കടലമ്മ കനിഞ്ഞ പച്ചത്തുരുത്ത്, സുന്ദരിയായി ധര്‍മടം ബീച്ച്