തിരുവനന്തപുരം : കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് തീർത്ഥാടകർക്കുള്ള വിമാന ചാർജ് വർദ്ധന ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തും ഇ മെയിലും അയച്ചതായി മന്ത്രി വി അബ്ദുറഹ്മാൻ. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് എയർഇന്ത്യ ഉയർന്ന ടിക്കറ്റ് നിരക്ക് വാങ്ങുന്നത് ഒഴിവാക്കാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്ന പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചാർജ് കുറയ്ക്കാൻ ആവശ്യമായ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്കും ഇതിനോടകം ഇമെയിലും കത്തും നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
മന്ത്രി പറഞ്ഞത്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരില്‍ നിന്ന് എയർ ഇന്ത്യ മുക്കാൽ ലക്ഷം രൂപ അധികമായി വാങ്ങുന്നുവെന്നാണ് ആരോപണം. 79000 രൂപയാണ് അധികമായി കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർ നൽകേണ്ടി വരുന്നത്. 2024 ൽ 24784 പേരാണ് ഹജ്ജിന് അപേക്ഷ നൽകിയത്. 14000 ത്തിലധികം പേർക്ക് അനുമതി നൽകി. ഇതിൽ 1250 പേർ സ്ത്രീകളാണ്. 3584 പേർ പുരുഷ സഹായമില്ലാതെ ഹജ്ജ് ചെയ്യുന്ന സ്ത്രീകളാണ്. കോഴിക്കോട്ട് നിന്നാണ് ഏറ്റവും കൂടുതൽ പേര്‍ ഹജ്ജിന് പോകുന്നത്. അത് കൊണ്ട് തന്നെ കേന്ദ്ര സർക്കാരിനോട് നിരക്ക് കുറയ്ക്കാനായി ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയില്‍ പറഞ്ഞു.
ടെൻഡറിൽ വൻ കള്ളക്കളി: ഹജ്ജ് യാത്രാനിരക്കിലെ വർധനയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ടെൻഡറിൽ വൻ കള്ളക്കളിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പരസ്യമായ കൊള്ളയാണ് കരിപ്പൂരിൽ നടക്കുന്നത്. ഈ കൊള്ളയ്‌ക്ക് ആരൊക്കെ കൂട്ടുനിൽക്കുന്നു എന്നാണ് അറിയേണ്ടത്. ഹാജിമാർ നേരിടുന്നത് വൻ വിവേചനമാണെന്നും സലാം ചൂണ്ടിക്കാട്ടി.
കോഴിക്കോട്ടെ ടെൻഡറിൽ എത്ര വിമാനക്കമ്പനികൾ പങ്കെടുത്തു എന്ന് വ്യക്തമാക്കണം. സങ്കൽപ്പിക്കാൻ പോലും പറ്റാത്ത തുകയ്‌ക്ക് ടെൻഡർ ഉറപ്പിക്കുമ്പോൾ അത് റദ്ദാക്കി പുതിയത് വിളിക്കലാണ് പതിവ്. എന്നാൽ അത് കരിപ്പൂരിൽ അട്ടിമറിക്കപ്പെട്ടെന്നും പിഎംഎ സലാം പറഞ്ഞു.
മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്: നിരക്ക് കൂടിയതിൽ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണം. എയർ ഇന്ത്യ സൗദി എയർലൈൻസിന്‍റെ തുകയിലേയ്‌ക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് ഇരട്ടിയാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്‍റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്ക് വലിയ ബാധ്യതയുണ്ടാക്കും. കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചെലവ് ചൂണ്ടിക്കാട്ടിയാണ് ടെന്‍ഡറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സർവീസ് നടത്തുന്ന സൗദി എയർലൈൻസ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്.
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് യാത്രാനിരക്ക് കുത്തനെ കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ നിരക്ക് വൻതോതിൽ ഉയർത്തിയതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തില്‍ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്നും പിഎംഎ സലാം പറഞ്ഞു.