കണ്ണൂർ : സെപ്റ്റംബർ 8 ചിങ്ങമാസത്തിലെ ചോദി നക്ഷത്രം. ഓണത്തിന് മുൻപുള്ള ഞായറാഴ്‌ച. ഈ ദിവസത്തിന് എന്താണ് ഇത്ര പ്രത്യേകത?. ഈ ദിവസത്തിൽ ഗുരുവായൂരമ്പല നടയിൽ നടക്കാനിരിക്കുന്ന 300 ലധികം വിവാഹങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയെ.
ആദ്യമായാണ് ഇത്രയധികം വിവാഹം ഗുരുവായൂർ ക്ഷേത്ര നടയിൽ നടക്കുന്നത്. സെപ്‌റ്റംബർ 8ന് ഇതുവരെ ബുക്ക് ചെയ്‌തത് 330 വിവാഹങ്ങളാണ്. സെപ്‌റ്റംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ.
ഏതാണ്ട് ജോതിഷ പ്രമുഖർ പറയും പ്രകാരമാണെങ്കിൽ 350 ഉം കടക്കും എന്നാണ് വിവരം. ഇതുവരെയുള്ള റെക്കോഡ് 227 വിവാഹങ്ങളായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് ഏറെ പേരെയും വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്രം തന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
സംഗതി ഇത്രയൊക്കെ ആണെങ്കിലും ഈ വിവാഹങ്ങൾ അത്രയും ഗുരുവായൂർ ക്ഷേത്രത്തിനകത്ത് അല്ല നടക്കുന്നത് എന്നൊരു കൗതുകം കൂടി ഇതിനു പിന്നിലുണ്ട്. ജ്യോതിഷ പ്രകാരം ഏതൊരു ക്ഷേത്രത്തിനകത്തും വിവാഹം നടക്കാറില്ല എന്നതാണ് മറ്റൊരു സത്യം. വിവാഹ ശേഷം അന്നേ ദിവസം ദമ്പതികൾ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതും ജ്യോതിഷ പ്രകാരം ശരിയല്ലെന്നാണ് പ്രമുഖ ജ്യോതിഷ പണ്ഡിതൻ രാംകുമാർ പൊതുവാൾ പറയുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ദമ്പതിമാരുടെ കര സ്‌പർശം ദൈവ നിഷിദ്ധം ആണെന്നുമുണ്ടത്രേ സങ്കൽപം. എല്ലാം ക്ഷേത്രത്തിനും പുറത്തുള്ള മണ്ഡപത്തിൽ വച്ചാണ് വിവാഹം നടക്കുന്നത്. അത്തരത്തിൽ തന്നെയാണ് ഗുരുവായൂരിലും നടക്കുന്നത്. പിന്നെ എന്ത് കൊണ്ടാവാം സെപ്റ്റംബർ 8 ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത്. കൂടുതൽ ആയൊന്നുമില്ല ചിങ്ങമാസത്തിലെ ചോതി നക്ഷത്രം വിവാഹത്തിന് നല്ല നാളാണ്. കൂടാതെ ഗുരുവായൂർ അമ്പലത്തിന്‍റെ പ്രസിദ്ധിയും ഓണത്തിന് തൊട്ടുമുമ്പുള്ള ഞായറാഴ്‌ചയും കൂടി ആവുമ്പോൾ ആളുകൾ ഗുരുവായൂരിനെ സ്വീകരിക്കുന്നു.
പിന്നെ ഒരു ക്ഷേത്രത്തിലും മുഹൂർത്തവും ബാധകം അല്ല എന്നാണ് രാംകുമാറിന്‍റെ ഭാഷ്യം. വിവാഹത്തിന്‍റെ വർധനവിനെ തുടർന്ന് കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുന്‍പിലെ മണ്ഡപങ്ങളില്‍ രാവും പകലും ഭേദമില്ലാതെ കല്യാണം നടക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി കഴിഞ്ഞ വർഷം ഔദ്യോഗികമായി വ്യക്തമാക്കിയത്.