തൃശൂർ : ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ കണ്ണന്‍റെ ആനകൾക്ക് ഇനി സുഖചികിത്സയുടെ കാലം. 38 ആനകളുള്ള പുന്നത്തൂർ കോട്ടയിൽ നീരിലുള്ള 12 ആനകൾ ഒഴികെയുള്ളവയാണ് ആനയൂട്ടിൽ പങ്കെടുത്തത്. നീരിൽ നിന്നും അഴിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള ആനകൾക്കും സുഖചികിത്സ നൽകും.
ഡോക്‌ടർമാരടങ്ങുന്ന വിദഗ്‌ധ സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് സുഖചികിത്സ നൽകുന്നത്. ആനകൾക്ക് സുഖചികിത്സക്ക് 11 ലക്ഷം രൂപയുടെ അനുമതിയാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി നൽകിയിട്ടുള്ളത്. അരി, ചെറുപയർ, റാഗി, മഞ്ഞൾപ്പൊടി, ഉപ്പ്, അഷ്‌ട ചൂർണം, ച്യവനപ്രാശം, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ, വിരയുടെ മരുന്ന് തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ആനകൾക്ക് ആനയൂട്ട് ആയി നൽകുക.
ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ഒപ്പം ശരീരപുഷ്‌ടിക്കും വേണ്ടിയുള്ള സമീകൃത ആഹാരമാണ് നൽകുന്നത്. ആനകളുടെ രക്തം, പിണ്ടം എന്നിവ പരിശോധന നടത്തിയാണ് ഓരോ ആനക്കും ചികിത്സ നിർണയിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു. സുഖചികിത്സ ജൂലൈ 30 ന് സമാപിക്കും. ഗുരുവായൂർ ആനക്കോട്ടയിൽ മാത്രമാണ് ആനകൾക്ക് ഇത്തരത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന സുഖചികിത്സ നടത്തുന്നത്.
Also Read: 'അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആനസഫാരി കേന്ദ്രങ്ങൾ പരിശോധിക്കണം': ഹൈക്കോടതി