തൃശൂർ: ജില്ലയിലെ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്‌ടി വകുപ്പ് നടത്തിവന്ന റെയ്‌ഡ് അവസാനിച്ചു. പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോയിലധികം വരുന്ന സ്വർണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ (ഒക്‌ടോബർ 24) വൈകിട്ട് 5ന് ആരംഭിച്ച പരിശോധന ഇന്ന് (ഒക്‌ടോബർ 23) രാവിലെ പത്ത് മണിയോടെയാണ് അവസാനിച്ചത്.
ഓപറേഷൻ ടൊറെ ഡെൽ ഒറോ (സ്പെയിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി റെയ്‌ഡാണ് ഇതെന്നാണ് വിവരം. സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗമാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്.
മൂന്ന് ജില്ലകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 700 ജിഎസ്‌ടി ഉദ്യോഗസ്ഥർ ഒരേസമയം പങ്കെടുത്തായിരുന്നു പരിശോധന. തൃശൂരിലെ 78 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ഥാപനങ്ങളിലെ അഞ്ച് വർഷത്തെ കണക്കുകളും അക്കൗണ്ട് ബുക്കുകളും ജിഎസ്‌ടി വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇവ പൂർണമായി പരിശോധിച്ചാൽ മാത്രമേ നികുതിവെട്ടിപ്പിന്‍റെ കൃത്യമായ ആഴം വ്യക്തമാകുവെന്ന് ജിഎസ്‌ടി ഇന്‍റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്‌ണകുമാർ പറഞ്ഞു.
തൃശൂരിൽ ജിഎസ്‌ടി ഉദ്യോഗസ്ഥർ നടത്തിയ പഴുതടച്ച പരിശോധനയിൽ വൻ നികുതിവെട്ടിപ്പാണ് പുറത്തുവന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ സമാന രീതിയിൽ പരിശോധന നടത്താനാണ് ജിഎസ്‌ടി വകുപ്പിന്‍റെ നീക്കം.
Also Read: നക്‌സല്‍ റിക്രൂട്ട്മെന്‍റ് കേസ്: യുപി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്