എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ച് കോടതി. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽ നാടൻ എംഎൽഎ എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
പ്രതികളെ രണ്ടു ദിവത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലിസിൻ്റെ ആവശ്യം കോടതി പരിഗണിച്ചില്ല. മൃതദേഹം എടുത്തു കൊണ്ടുപോയ കേസിലും, പൊലീസ് വാഹനം തടഞ്ഞ കേസിലുമാണ് ജാമ്യം അനുവദിച്ചത്. അതേ സമയം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നാടകീയ നീക്കവുമായി പൊലീസ് കോടതിക്ക് മുമ്പിലെത്തി. പൊതുമുതൽ നശിപ്പിച്ച കേസിലായിരുന്നു വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരെത്തി തടയാൻ ശ്രമിച്ചത് കോടതി പരിസരത്ത് നേരിയ കയ്യാങ്കളിക്ക് കാരണമായി. എന്നാൽ ഷിയാസ് കോടതിയിലേക്ക് തന്നെ കയറിപോവുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
തിങ്കളാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കോൺഗ്രസ് നേതാക്കളെ നാടകീയമായി പൊലീസ് അറസ്റ്റു ചെയ്‌തത്. വയോധികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിനു പിന്നാലെയായിരുന്നു കോതമംഗലം കേന്ദ്രീകരിച്ച് എംഎൽഎ മാരായ എൽദോസ് കുന്നപള്ളിയും, മാത്യു കുഴൽ നാടനും കോതമംഗലത്ത് ഉപവാസ സമരം തുടങ്ങിത്. ഇവിടെ നിന്നും രാത്രി പതിനൊന്ന് മണിയോടെ സമീപത്തെ ചായക്കടയിൽ എത്തി ചായ കുടിക്കുന്നതിനിടെയായിരുന്നു ബലപ്രയോഗത്തിലൂടെ ഡിസിസി പ്രസിഡൻ്റ് ഷിയാസിനെ അറസ്റ്റ് ചെയ്‌തത്.
തൊട്ടുപിന്നാലെ മാത്യു കുഴൽ നാടൻ എംഎൽഎയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌ത് മടങ്ങിയ രമേശ് ചെന്നിത്തലയുൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ കോതമംഗലത്ത് തിരിച്ചെത്തി പ്രതിഷേധിച്ചതോടെയാണ് പുലർച്ചെ രണ്ടര മണിയോടെ ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. എന്നാൽ ഇരുവർക്കും മജിസ്ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിക്കുകയും രാവിലെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞും, മൃതദേഹം ആശുപത്രിയിൽ നിന്നും എടുത്തു കൊണ്ടുപോയി നഗരത്തിൽ പ്രതിഷേധിച്ചും അസാധാരണമായ സമരമായിരുന്നു തിങ്കളാഴ്‌ച കോൺഗ്രസ് നടത്തിയത്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തളളിമാറ്റിയായിരുന്നു മൃതദേഹം കൊണ്ടുപോവുകയും പ്രതിഷേധിക്കുകയും ചെയ്‌തത്.
ഇതിനു പിന്നാലെ പൊലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം ഏറ്റെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കുകയും ചെയ്‌തിരുന്നു.