എറണാകുളം : എസ് പി സുജിത് ദാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കളളമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ബലാത്സംഗ പരാതിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊന്നാനി സ്വദേശിനിയുടെ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം. 2022ൽ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്‌എച്ച്ഒ, ഡിവൈഎസ്‌പി ബെന്നി, മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാത്സംഗം ചെയ്‌തു എന്നായിരുന്നു ആരോപണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസ്‌എച്ച്‌ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസ് അടക്കം ബലാത്സംഗം ചെയ്‌തതെന്നും വീട്ടമ്മ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ പരാതി കള്ളമാണെന്നും അടിസ്ഥാന രഹിതമാണെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. താൻ നൽകിയ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് വീട്ടമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി.
പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മലപ്പുറം അഡി. എസ് പി നൽകിയ റിപ്പോർട്ടിലുളളത്. സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയിലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്‌പര വിരുദ്ധമാണ്. കൂടാതെ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചിരുന്നു.
എസ് പി സുജിത് ദാസിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട ജീവനക്കാർ, മൂവ്മെന്‍റ് രജിസ്റ്റർ, ഫോൺ വിളികൾ എന്നിവയെല്ലാം പരിശോധിച്ചെന്നും പരാതിയെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സർക്കാർ പറയുന്നു. വ്യാജ പരാതിയിൽ കേസെടുത്താൽ അത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും പരാതിക്കാരിയുടെ ഹർജി തള്ളണമെന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റുകയും ചെയ്‌തിട്ടുണ്ട്.
Also Read: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി