തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. കലാപരിപാടികള്‍ക്ക് 25 ലക്ഷം, പ്രവാസി വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടിക്ക് 20 ലക്ഷം, പരസ്യ പ്രചരണങ്ങള്‍ക്ക് 10 ലക്ഷം, കേരളത്തിന് പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്കായി 15 ലക്ഷം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളില്‍ പരിപാടിയുടെ ഫോട്ടോ, വീഡിയോ പ്രചരണത്തിന് 30 ലക്ഷം രൂപ എന്നിങ്ങനെ വകമാറ്റി ചെലവിടാനുള്ള നിര്‍ദേശം ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ഉത്തരവ്.
ചെലവുകള്‍ വിശദീകരിച്ച് കൊണ്ട് ലോക കേരള സഭ ഡയറക്‌ടര്‍ നല്‍കിയ പ്രൊപ്പോസല്‍ അംഗീകരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രൊപ്പോസലില്‍ വകുപ്പുതല വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഇതിനാണ് ഇപ്പോള്‍ ധനവകുപ്പും നോര്‍ക്കയും അംഗീകാരം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് കോടി രൂപ പരിപാടിക്കായി അനുവദിക്കുന്നത്.
ജൂണ്‍ 13, 14, 15 തീയതികളില്‍ തിരുവനന്തപുരത്താണ് ഇത്തവണ ലോക കേരള സഭ ചേരുന്നത്. നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാകും ഇത്തവണത്തെ ലോക സഭ ചേരുക.