തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അന്ത്യശാസനം. വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു (Governor's letter to University VCs). വിഷയത്തില്‍ സര്‍വകലാശാലകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും, സര്‍വകലാശാലകള്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.
ഒരു മാസത്തിനകം സെനറ്റ് വിളിച്ച് ചേര്‍ത്ത് യൂണിവേഴ്‌സിറ്റി പ്രതിനിധിയെ അയക്കണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലയില്‍ തീരുമാനം എടുക്കുമെന്നും വിസിമാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ എട്ടിന് സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രജിസ്ട്രാര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതിനോട് സര്‍വകലാശാലകള്‍ പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വീണ്ടും കത്ത് നല്‍കിയത്.
സര്‍വകലാശാല പ്രതിനിധി, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടാവുക. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കുസാറ്റ്, കെടിയു, ഫിഷറീസ്, മലയാളം, വെറ്ററിനറി തുടങ്ങിയ എട്ട് സര്‍വകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്.