തിരുവനന്തപുരം : കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടീസ് നൽകിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വി സിമാരെ ഗവര്‍ണര്‍ ഈ മാസം 24 ന് ഹിയറിങ്ങിന് ക്ഷണിച്ചു. വിസിമാര്‍ക്കോ, അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാർക്കാണ് ഗവർണർ നോട്ടീസ് നൽകിയിരിക്കുന്നത്.
ഇതിനിടെ ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് സംസ്‌കൃത സർവകലാശാല വി സി ഡോ. എം വി നാരായണൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്‌തു. എന്നാല്‍ അപ്പീൽ ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. കൂടാതെ ഹർജിക്കെതിരെ പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെ തുടർന്ന് അദ്ദേഹം അത് പിൻവലിക്കുകയും ചെയ്‌തു.
അതേസമയം 24 ന് തനിക്കും അഭിഭാഷകനും ഹിയറിങ്ങിന് പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് കാണിച്ച് സംസ്‌കൃത സർവകലാശാല വി സി ഗവർണറുടെ സെക്രട്ടറിക്ക് കത്ത് നൽകി. ഹിയറിങ് യാതൊരു കാരണവശാലും മാറ്റില്ലെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. വിസിയോട് ഹിയറിങ്ങില്‍ ഓൺലൈനായി പങ്കെടുക്കാൻ നിർദേശിച്ചിട്ടുമുണ്ട്.
കാലിക്കറ്റ് വിസി നിയമനത്തിന്‍റെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിന് പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിൽ വി സിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വി സിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതും മൂലമാണ് വി സി പദവി അയോഗ്യമാക്കണമെന്ന് കാണിച്ച് ഗവർണർ നോട്ടീസ് നൽകിയത്.
ഗവർണർ നോട്ടീസ് നൽകിയിരുന്ന കേരള, എം ജി, കുസാറ്റ്, മലയാളം, വി സിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു . കെടിയു, കണ്ണൂർ, ഫിഷറീസ്, വി സിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്‌ടപ്പെട്ടു. അതിനിടെ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി സർക്കാർ അഭിഭാഷകൻ എതിർ സത്യവാങ്മൂലം നൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ വാദം കേൾക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി.