തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ലൈംഗികാതിക്രമത്തിന് ഇരയായവർ മുന്നോട്ട് വന്നാൽ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു. എത്ര വലിയ പദവിയിലിരിക്കുന്ന ആളാണെങ്കിലും നിയമത്തിന് മുന്നിൽ തുല്യരാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമ മേഖലയിലെ നിരവധി സ്‌ത്രീകള്‍ അവര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍ മുതിർന്ന വനിത പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിൻ്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണ നടത്തുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിലൂടെ വി ഡി സതീശന്‍ ആവശ്യപ്പെട്ടത്.
നാല് വര്‍ഷം മുമ്പ് സര്‍ക്കാരിന് ലഭിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നിരവധി വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. സിനിമ മേഖലയിലെ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരകളുടെയും കുറ്റവാളികളുടെയും പേര് നീക്കം ചെയ്‌താണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏകദേശം 15 പുരുഷന്മാരായ നിർമ്മാതാക്കള്‍ സംവിധായകര്‍ അഭിനേതാക്കള്‍ അടങ്ങുന്ന പവര്‍ ഗ്രൂപ്പാണ് മലയാള സിനിമ നിയന്ത്രിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.