തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ദേശദ്രോഹ കുറ്റകൃത്യം നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഗവര്‍ണരെ വിവരം അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്ത് സംബന്ധിച്ചുള്ള കസ്റ്റംസ് നടപടികളില്‍ പോരായ്‌മ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാര്യം നേരത്തെ അറിയിച്ചില്ല?.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോടല്ലാതെ മറ്റാരോട് ചോദിക്കും. ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചതില്‍ എന്താണ് തെറ്റ്? വിഷയം ആരാഞ്ഞുള്ള തന്‍റെ കത്തിന് മറുപടി ലഭിച്ചത് 20 ദിവസങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദ ഹിന്ദു പത്രം നല്‍കിയ വാര്‍ത്തയാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടു. വിഷയം രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.