കോട്ടയം : നിയമം അനുസരിക്കാൻ താനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ (Everyone Is Bound To Obey The Law). കോട്ടയത്ത് ഓർത്തഡോക്‌സ് സഭ സംഘടിപ്പിച്ച മാർത്തോമ്മൻ പൈതൃക മഹാസമ്മേളന വേദിയിലാണ് ഗവർണർ ആരിഫ് മുഹമദ് ഖാന്‍ ഈ പ്രസ്‌താവന പറഞ്ഞത്.
സുപ്രീംകോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അത് അംഗീകരിക്കരുതെന്ന് മന്ത്രിമാരായ വീണ ജോര്‍ജും വി എൻ വാസവനും വേദിയിലിരിക്കെ ഗവര്‍ണറോട് ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാതൃൂസ് തൃതീയൻ ബാവ നടത്തിയ അഭ്യര്‍ഥനയ്‌ക്ക് മറുപടി പറയുകയായിരുന്നു ഗവർണർ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മാർത്തോമ്മൻ പൈതൃക മഹാസമ്മേളനം ഉദ്ഘാടനം ചെയ്‌തത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്‌സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ ബാഹ്യസഭ ബന്ധങ്ങളുടെ തലവൻ ബിഷപ് ആന്‍റണി, ഇത്യോപ്യൻ സഭയുടെ ബിഷപ്പ് അബ്ബാ മെൽക്കിദേക്ക് നൂർബെഗൻ ഗെദ, മന്ത്രിമാരായ വി.എൻ. വാസവൻ, വീണ ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ, ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്‌റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. സഭയിലെ ബിഷപ്പുമാർക്കു പുറമേ എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്‌ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.
സംഗമത്തിനു മുന്നോടിയായി സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന പ്രൗഢഗംഭീരമായ വിളംബര ഘോഷയാത്ര നടന്നു.
ALSO READ : വയനാട്ടില്‍ പള്ളിക്ക് സർക്കാർ ഭൂമി നല്‍കിയത് ഹൈക്കോടതി റദ്ദാക്കി