കൊല്ലം : സ്വർണക്കടത്തിലെ ഒന്നാം പ്രതി പ്രധാനമന്ത്രി മോദിയാണെന്ന് സിപിഎം സംസ്ഥാനെ സെക്രട്ടറി എം വി ഗോവിന്ദൻ. വിമാനത്താവളത്തിൻ്റെ നിയന്ത്രണ അധികാരം കേന്ദ്രത്തിനാണ്. അതിനാലാണ് പ്രധാനമന്ത്രി ഒന്നാം പ്രതിയാണെന്ന് പറയാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്ത് കേസിന്‍റെ പേരിൽ പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് മോദിയും രാഹുലും പറയണം. പിണറായിക്ക് എതിരെ ഒരു കേസും ഇല്ല.
ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ല. ഇന്ത്യൻ പ്രധാനമന്ത്രി വളരെ ചീപ്പ് ആയിപോയി. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ഫേസ് ടു ഫേസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. തീർത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇതിന് പിന്നിൽ.
രാഹുൽ ഗാന്ധി പൗരത്വ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല. ഏകസിവിൽ കോഡിലും കോൺഗ്രസിന് നിലപാടില്ല. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിൽ കൊടി ഉപയോഗിക്കുന്നില്ല. കോൺഗ്രസിന് കൊടിയും നയവുമില്ല. എന്ത് തോന്നിവാസവും പറയുകയാണ്, പ്രധാനമന്ത്രിയുടെ ജൂനിയർ പാർട്‌ണറായി രാഹുൽ ഗാന്ധി മാറിയിരിക്കുകയാണ്. മോദിയും രാഹുലും രാഷ്ട്രീയം പറയണം. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്ന നില വേണ്ട. വ്യക്തിപരമായ ആക്ഷേപങ്ങൾ അല്ല വേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഷാഫി ആദ്യം കരുതിയത് ഒരു ജാഡ ഉണ്ടാക്കി വടകര വിജയിക്കാം എന്നാണ്. അശ്ലീലം പ്രചരിപ്പിച്ചു കൊണ്ട് കെ കെ ശൈലജയെ പരാജയപ്പെടുത്താം എന്നാണ് കോൺഗ്രസ് കരുതുന്നത്. ഇലക്‌ടറൽ ബോണ്ട് സിപിഎം വാങ്ങിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ജാള്യത മൂലമാണ്. സിപിഎമ്മിന് ഇലക്‌ടറൽ ബോണ്ട് കിട്ടി എന്നതിന് തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് ഹാജരാക്കട്ടെ. തെളിവ് ഹാജരാക്കിയാൽ വി ഡി സതീശൻ പറയുന്ന കാര്യം ചെയ്യാം. വെല്ലുവിളി എങ്കിൽ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: കൊല്ലത്തിന്‍റെ സ്വന്തം കൊടിക്കട; പ്രചാരണ വസ്‌തുക്കളുടെ വിൽപ്പന ചൂടുപിടിക്കുന്നു
തൃശൂർ പൂരത്തിലെ സംഘർഷത്തില്‍ മാധ്യമങ്ങൾ പറഞ്ഞത് ശരിയെങ്കിൽ പൊലീസ് നടപടി ശരിയായില്ല. കാര്യങ്ങൾ പരിശോധിക്കണം
ഓരോ നടപടികൾക്കും ഓരോ കാരണങ്ങൾ ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി എസ് സുദേവൻ, എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ വരദരാജൻ എന്നിവരും പങ്കെടുത്തു.