കോഴിക്കോട് : കടലുണ്ടിയിൽ ആടിനെ പുഴയിൽ മുക്കി കൊന്നു. കടലുണ്ടിക്ക് സമീപം മണ്ണൂർ മൂക്കത്ത് കടവ് തീപ്പെട്ടി കമ്പനിയുടെ പരിസരത്തെ അതിരപ്പറമ്പത്ത് ഗിരീശന്‍റെ വീട്ടില്‍ വളർത്തിയിരുന്ന ആടിനെയാണ് പുഴയിൽ മുക്കിക്കൊന്ന നിലയിൽ കണ്ടെത്തിയത്.
ആടിൻ്റെ വയറിലും കഴുത്തിലും കല്ല് കെട്ടി പുഴയിൽ താഴ്ത്തിയ നിലയിലാണ് ഉണ്ടായിരുന്നത്. വീടിന് പരിസരത്തു നിന്നും 150 മീറ്റർ അകലെയാണ് പുഴയുള്ളത്.
ഗിരീഷിൻ്റെ വീട്ടിൽ അഞ്ച് ആടുകളാണ് ആകെയുള്ളത്. ഇതിൽ രണ്ടാഴ്‌ച മുമ്പ് പ്രസവിച്ച ആടാണ് ചത്തത്.
രാത്രി ഭക്ഷണവും വെള്ളവും നൽകിയ ശേഷം കൂട്ടിലടച്ചതായിരുന്നു എല്ലാ ആടുകളെയും. രാവിലെ കൂട് തുറന്നപ്പോഴാണ് തള്ളയാടിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പുഴയിൽ ആടിനെ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
ജില്ല കലക്‌ടർക്കും ഫറോക്ക് പൊലീസിലും ഗിരീശൻ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിൻ്റെ ഏക ഉപജീവന മാർഗമാണ് ആട് വളർത്തൽ. ഫറോക്ക് എസ്ഐ എസ് അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുഴയിൽ താഴ്ത്തിയത് കൊണ്ട് വെള്ളം കുടിച്ചാണ് ആട് ചത്തതെന്നും മറ്റു പരിക്കുകൾ ആടിൻ്റെ ദേഹത്ത് കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
കടലുണ്ടി വെറ്ററിനറി സർജൻ ആനന്ദിൻ്റെ നേതൃത്വത്തിൽ ആണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചത്.