എറണാകുളം : ആലുവയിൽ നിന്ന് കാണാതായി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയ പന്ത്രണ്ട് വയസുകാരി ആൺ സുഹൃത്തിനൊപ്പം പശ്ചിമബംഗാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് മുർഷിദാബാദ് സ്വദേശികളെ ഇന്ന് (മെയ് 27) കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിതിരിക്കുന്നത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും.
ഒരു മാസം മുമ്പാണ് ആലുവയില്‍ ജോലി ചെയ്യുന്ന അമ്മയ്‌ക്കും രണ്ടാനച്ഛനുമൊപ്പം നില്‍ക്കാന്‍ പെണ്‍കുട്ടി ആലുവയിലെത്തിയത്. പിതാവ് മരിച്ച പെണ്‍കുട്ടി മുര്‍ഷിദാബാദില്‍ മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. എഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്. തുടര്‍ വിദ്യാഭ്യാസം നല്‍കാനാണ് മകളെ ഇവിടെയെത്തിച്ചതെന്നാണ് അമ്മ മൊഴി നല്‍കിയത്. എന്നാൽ സ്വന്തം നാട്ടിൽ കഴിയാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്നാണ് തന്‍റെ സുഹൃത്തിനെ വിളിച്ചുവരുത്തി നാട്ടിലേക്ക് തിരികെ മടങ്ങാന്‍ ശ്രമിച്ചത്.
ഞായറാഴ്‌ച (മെയ് 26) വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നല്‍കി. ആലുവ എടയപ്പുറത്തെ വാടക വീട്ടിലായിരുന്നു കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ കുട്ടിയെ രക്ഷിതാക്കൾ കാണാതെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു.
അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു പെൺകുട്ടിയെ എത്തിച്ചത്. ഇവിടെ നിന്നും പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. എന്നാൽ പരാതി ലഭിച്ച ഉടൻ ആലുവ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥലത്തെ സിസിടിവി പൊലീസ് പരിശോധിച്ചു. അപ്പോഴാണ് രണ്ടുപേര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അങ്കമാലിയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ആലുവയിൽ നിന്നും നേരത്തെയും ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ രണ്ടുപേര്‍ ക്രൂര പീഡനത്തിന് ഇരയാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഈയൊരു സാഹചര്യത്തിൽ പന്ത്രണ്ട് വയസുകാരിയെ കാണാതായ സംഭവം വലിയ ആശങ്ക പരത്തിയിരുന്നു. എന്നാൽ അന്വേഷണത്തിന് പിന്നാലെ അഞ്ച് മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Also Read: ആലുവയില്‍ കാണാതായ 12 വയസുകാരിയെ കണ്ടെത്തി; പ്രതികള്‍ കസ്റ്റഡിയില്‍