കാസർകോട് : കാസര്‍കോട് ബദിയടുക്കയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തില്‍ രണ്ട് പേർ അറസ്‌റ്റില്‍. മൊഗ്രാൽ സ്വദേശി അൻവർ, സുഹൃത്ത് സാഹില്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
അൻവർ പെൺകുട്ടിയെ ഇൻസ്‌റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇവർ തമ്മിലുള്ള അടുപ്പം കുടുംബം എതിർത്തിരുന്നു. ബന്ധുക്കളുടെ നിർദേശ പ്രകാരം യുവാവുമായുള്ള ബന്ധം പെൺകുട്ടി ഉപേക്ഷിച്ചു. തുടർന്ന് അൻവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.
ഫോണിലൂടെയും, സ്‌കൂളിൽ പോകുന്ന വഴിയിലുമെത്തി അൻവർ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ബന്ധം ഉപേക്ഷിച്ചാൽ പിതാവിനെ കൊല്ലുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് അൻവർ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് (29-01-2024) പുലർച്ചെയായിരുന്നു മരണം.
മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് അൻവറിനെയും, സഹായിയായി എത്തിയ സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പോക്സോ വകുപ്പുകളും, ആത്മഹത്യപ്രേരണ കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.