തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
മാര്‍ ജോര്‍ജ് കൂവക്കാടിനെ കൂടാതെ വിവിധ രാജ്യങ്ങളിലെ ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 8.30 ന് ആണ് ചടങ്ങ് തുടങ്ങിയത്. മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാനയോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. തൊപ്പി, മോതിരം, അധികാര പത്രം എന്നിവ മാര്‍പാപ്പ കര്‍ദിനാള്‍മാര്‍ക്ക് കൈമാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചങ്ങനാശേരി അതിരൂപതയിൽ നിന്നാണ് മാര്‍ ജോര്‍ജ് കൂവക്കാട് വത്തിക്കാനിലെത്തിയത്. മൊത്തം ആറ് കര്‍ദിനാള്‍മാരാണ് ഇന്ത്യയില്‍ നിന്നുള്ളത്. വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യാ ഗവൺമെന്‍റ് അയച്ചതായും മോദി പറഞ്ഞു.
മാര്‍ ജോർജ് കൂവക്കാടിന്‍റെ സ്ഥാനക്കയറ്റം ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്‌തവ സമൂഹത്തിനും പ്രത്യേകിച്ച് സിറോ മലബാർ സഭയ്ക്കും ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മറ്റൊരു ഇന്ത്യക്കാരൻ കൂടി കർദിനാളായി ഉയർത്തപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.
സഭയ്ക്ക് സ്‌തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. ഇത് കത്തോലിക്കാ സഭയ്ക്കും കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനകരമായ നിമിഷമാണെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യന്‍റെ നേതൃത്വത്തിൽ മുൻ കേന്ദ്ര സഹമന്ത്രിമാരായ കൊടിക്കുന്നിൽ സുരേഷ്, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, രാജ്യസഭാ എംപി സത്നം സിങ് സന്ധു, ബിജെപി നേതാക്കളായ അനിൽ ആന്‍റണി, അനൂപ് ആന്‍റണി, ടോം വടക്കൻ എന്നിവരടങ്ങിയ ഇന്ത്യൻ പ്രതിനിധി സംഘമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന് മുമ്പ്, ഇന്ത്യൻ പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിച്ചിരുന്നു.