എറണാകുളം: സ്വവർഗ്ഗ പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജിയിൽ ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും നാളെ(08-02-2024) ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം നാളെ അറിയിക്കണം. ഇതിനുശേഷം മൃതദേഹം വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു(Gay Couple Dead Body Case In Kerala High Court).
ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തത് എന്ന ഹർജിക്കാരന്‍റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹർജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ നാളെ ഹാജരാക്കാം എന്ന് അഭിഭാഷകൻ അറിയിച്ചു. ഫ്ലാറ്റിൽനിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച യുവാവിൻ്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫെബ്രുവരി മൂന്നിന് പങ്കാളികളിലൊരാൾ പുലർച്ചെ ഫ്ലാറ്റിൽനിന്ന് താഴെ വീണു .പരിക്കേറ്റ് ചികിത്സയിലിരിക്കെ നാലാം തീയതി ഇയാൾ മരിച്ചു. ആശുപത്രി ബിൽതുകയായ 1 .3 ലക്ഷം നൽകാതെ മൃതദേഹം വിട്ടു കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. പങ്കാളിയെന്നു പറയുന്ന ഹർജിക്കാരന് മൃതദേഹം ഏറ്റുവാങ്ങാൻ നിയമപരമായ അധികാരമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.