ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മദർഷിപ്പ് 'സാൻ ഫെർണാണ്ടോ' എത്തിയത് ചരിത്ര സന്ദർഭമെന്ന് അദാനി ഗ്രൂപ്പിന്‍റെ ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി. ആഗോള വ്യാപാര പാതയില്‍ വിഴിഞ്ഞത്തെ ഒരു പ്രധാന ഘടകമായി ഉയർത്തുന്നതിന് ഇത് ഏറെ സഹായകമാകുമെന്നും ഗൗതം അദാനി എക്‌സില്‍ പറഞ്ഞു.
Historic Day as Vizhinjam welcomes its 1st container vessel! This milestone marks India's entry into global transshipment and ushers in a new era in India's maritime logistics, positioning Vizhinjam as a key player in global trade routes. Jai Hind! pic.twitter.com/2LO97NuUYt
— Gautam Adani (@gautam_adani) July 11, 2024
വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ട്രയൽ റണ്ണിൻ്റെ ഭാഗമായി 1,000 കണ്ടെയ്‌നറുകളുമായാണ് 'സാൻ ഫെർണാണ്ടോ' തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ 8,867 കോടി രൂപ മുതൽമുടക്കിലാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം നിർമിക്കുന്നത്. 'അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡാ'ണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. കേന്ദ്രസർക്കാർ 818 കോടി പദ്ധതിക്കായി നൽകിയപ്പോൾ കേരള സർക്കാർ 5,595 കോടി രൂപ അനുവദിച്ചു. 2016- ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ നിർമാണം ആരഭിക്കുന്നത്.
പദ്ധതിയുടെ പൂർത്തീകരണത്തിനായി അദാനി ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. വിഴിഞ്ഞം തുറമുഖം വിജയകരമായ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 5,000-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. കൂടാതെ, വ്യവസായം, വാണിജ്യം, ഗതാഗതം, വിനോദസഞ്ചാരം എന്നീ മേഖലകളെ ഗണ്യമായി ഉയർത്തുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: സാൻ ഫെർണാണ്ടോ ബെർത്തിൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്‌നർ ഇറക്കാൻ തുടങ്ങി