കൊല്ലം : വടക്കൻ മൈനാഗപ്പള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു (Gas cylinder explosion at Kollam). പണിക്കശ്ശേരി തറയിൽ വസന്തയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ വീടിന്‍റെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു. ഗൃഹോപകരണങ്ങൾ, സമീപത്തെ ബാത്റൂം, മരങ്ങൾ എന്നിവയും കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറി ശബ്‌ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.
നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്‌തു. ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. പുതിയ ഗ്യാസ് സിലിണ്ടറിന്‍റെ ചോർച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
മുംബൈയിലും സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ : മുംബൈയിലെ ചെമ്പൂരിലെ സിദ്ധാർഥ് കോളനിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്ന് വീട്ടിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സിലിണ്ടറിന് ചോർച്ച സംഭവിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാംദേവ് പാർക്കിൽ ഉണ്ടായ മറ്റൊരു ഗ്യാസ് സിലിണ്ടർ അപകടത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവർ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. ഈ സംഭവങ്ങളിൽ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Also read: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക്
സംഗീത ഗെയ്‌ക്‌വാദ്, ജിതേന്ദ്ര കാംബ്ലെ, യശോദ ഗെയ്‌ക്‌വാദ്, നർമദ ഗെയ്‌ക്‌വാദ്, രമേഷ് ഗെയ്‌ക്‌വാദ്, ശ്രേയസ് സോൻകാംബെ, ഷെര്യ ഗെയ്‌ക്‌വാദ്, വൃഷഭ് ഗെയ്‌ക്‌വാദ്, സന്ദീപ് ജാദവ് എന്നിവർക്കാണ് രണ്ടിടങ്ങളിലുമായി ഉണ്ടായ അപകടങ്ങളിൽ പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.