കോഴിക്കോട്: കുന്ദമംഗലം പൊലീസ് കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ അറസ്‌റ്റ് ചെയ്‌ത പ്രതിയുടെ വാടകവീട്ടിൽ നിന്നും എക്സൈസിന്‍റെ നേതൃത്വത്തിൽ ഒന്നര കിലോ കഞ്ചാവ് വീണ്ടും പിടികൂടി. തലയാട് ഓടക്കുണ്ടപൊയിൽ തൊട്ടിൽ വീട്ടിൽ ഹർഷാദിൻ്റെ (38) വാടകവീട്ടിൽ നിന്നാണ് താമരശ്ശേരി എക്സൈസ് സർക്കിൾ സംഘം കഞ്ചാവ് കണ്ടെടുത്തത്. ഇരുചക്ര വാഹനത്തില്‍ വില്‍പ്പനയ്‌ക്കായി കഞ്ചാവുമായി പോകുന്നതിനിടെയായിരുന്നു ഹര്‍ഷാദിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
അറസ്റ്റിലാകുമ്പോള്‍ പതിനാലര കിലോഗ്രാം കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന്, പ്രതിയുടെ വീട്ടില്‍ ഇനിയും കഞ്ചാവ് ഉള്ളതായി കോഴിക്കോട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ചന്ദ്രൻ കുഴിച്ചാൽ താമരശ്ശേരി എക്സൈസിന് വിവരം നല്‍കി. ഇതേതുടര്‍ന്ന്, എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ഇ. ജിനീഷിന്‍റെ നേതൃത്വത്തിൽ ഒരു സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വാടക വീട്ടില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
പൂട്ടിയിട്ടിരുന്ന വീടിൻ്റെ പൂട്ട് വീട്ടുടമയുടെയും ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെയും സാന്നിധ്യത്തിൽ എക്സൈസ് സംഘം പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയുടെ കട്ടിലിൻ്റെ അടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ എക്സൈസും കേസെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്‌ടർ സി സന്തോഷ് കുമാർ, അസിസ്‌റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ എ എം ബിനീഷ് കുമാർ, ഡ്രൈവർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Also read : കുന്നമംഗലത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ - Cannabis Siezed