പത്തനംതിട്ട : ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന ഏഴംഗ സംഘം കഞ്ചാവും മാരകായുധവുമായി പിടിയില്‍. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പത്തനംതിട്ട കിടങ്ങന്നൂരിളുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന തിരുവനന്തപുരം നെല്ലിക്ക പറമ്പ് ജോബി ഭവനില്‍ ജോബി ജോസ് (34), ആലപ്പുഴ മാന്നാർ കയ്യാലയത്ത് തറയില്‍ അഖില്‍ (21), ചെങ്ങന്നൂർ ചക്കാലയില്‍ വീട്ടില്‍ വിശ്വം (24), ചെങ്ങന്നൂർ വാഴത്തറയില്‍ ജിത്തു ശിവൻ (26), കാരയ്ക്കാട് പുത്തൻപുരയില്‍ ഷെമൻ മാത്യു, മാവേലിക്കര നിരപ്പത്ത് വീട്ടില്‍ ആശിഷ് (21), ആലപ്പുഴ വലിയ കുളങ്ങര സ്വദേശി രജിത്ത് (23) എന്നിവരാണ് പിടിയിലായത്.
![PTA MARIJUANA Gang of seven arrested കഞ്ചാവ് കച്ചവടം kidangannur in Pathanamthitta](https://etvbharatimages.akamaized.net/etvbharat/prod-images/22-08-2024/kl-pta-37-22824-marijuana_22082024125113_2208f_1724311273_865.jpg)
ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി പുലർച്ചെ നടത്തിയ റെയ്‌ഡില്‍ ആണ് സംഘം കുടുങ്ങിയത്. കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒന്നരയോടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.
എസ്‌പിയുടെ പ്രത്യേക ഡാൻസാഫ് സംഘവും ഇലവുംതിട്ട ആറന്‍മുള പൊലീസും സംയുക്തമായാണ് ഫ്ലാറ്റില്‍ റെയ്‌ഡ് നടത്തിയത്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വലിയ തോതില്‍ കഞ്ചാവെത്തിച്ച് ഇവിടെ നിന്ന് ചെറിയ അളവില്‍ പാക്കറ്റുകളാക്കിയതാണ് കഞ്ചാവ് വില്‍പ്പന നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു.
![PTA MARIJUANA Gang of seven arrested കഞ്ചാവ് കച്ചവടം kidangannur in Pathanamthitta](https://etvbharatimages.akamaized.net/etvbharat/prod-images/22-08-2024/kl-pta-37-22824-marijuana_22082024125113_2208f_1724311273_676.jpg)
തിരുവനന്തപുരം സ്വദേശിയായ ജോബി ജോസ് ആണ് സംഘത്തിലെ പ്രധാനിയെന്നും ഇയാളെ നേരത്തെയും കഞ്ചാവ് കേസില്‍ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ കഞ്ചാവിന് പുറമെ, പ്രതികള്‍ മറ്റ് പല സ്ഥലങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.