തിരുവനന്തപുരം : കോഴിക്കോട് നെടുമണ്ണൂര്‍ സ്‌കൂളിൽ രാത്രി ഹോമം സംഘടിപ്പിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). സ്‌കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ (13-02-2024) രാത്രി സ്‌കൂളിൽ പൂജ നടത്തിയത് (Kuttiady Nedumanur LP school pooja). സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.
കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ പി സ്‌കൂളിലാണ് രാത്രി ഗണപതിഹോമവും പൂജയും നടത്തിയത്. ചൊവ്വാഴ്‌ച (ഫെബ്രുവരി 13) രാത്രി എട്ടുമണിയോടുകൂടിയാണ് സ്‌കൂൾ ഗ്രൗണ്ടിൽ രണ്ട് കാറുകൾ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ പൂജ നടക്കുന്നതായി കണ്ടു. വിവരം അറിഞ്ഞ സിപിഎം പ്രവർത്തകർ സ്‌കൂളിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.
രാത്രി 11 മണിയോടെ സ്‌കൂളിലേക്ക് കൂടുതൽ നാട്ടുകാർ എത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്‌തു. തുടര്‍ന്ന് തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്‌റ്റഡിയിലെടുത്തു. മഹാനവമിക്ക് നടത്താൻ തീരുമാനിച്ച ഹോമവും പൂജയും ശാന്തിക്കാരനെ കിട്ടാത്തതുകൊണ്ട് ഇപ്പോൾ നടത്തുകയായിരുന്നു എന്നാണ് സ്‌കൂൾ മാനേജർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവർക്കെതിരെ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. അതേസമയം സ്‌കൂൾ മാനേജര്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ അറിയിച്ചു.