തിരുവനന്തപുരം : മസ്‌റ്ററിംഗ് തൽകാലം നിർത്തി വെക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യ വകുപ്പ്. ഒരേ സമയം മസ്‌റ്ററിംഗും, റേഷൻ വിതരണവും നടത്തിയതിനാൽ സാങ്കേതിക തടസമുണ്ടായതെന്നും പത്താം തിയതിക്ക് മുൻപ് സാങ്കേതിക പ്രശ്‌നം പരിഹരിക്കാം എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി എന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു(G R Anil About Ration Mastering In Kerala).
15, 16, 17 തീയതികളിൽ റേഷൻ കടകൾക്ക് സമീപമുള്ള പൊതു ഇടങ്ങളിൽ വെച്ച് മസ്‌റ്ററിംഗ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകുന്നേരം 7 മണി വരെ 1392423 പേരുടെ ഇ കെ വൈ സി അപ്ഡേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. മഞ്ഞ പിങ്ക് കാർഡുകളിലെ മാസ്‌റ്ററിംഗ് ആരംഭിച്ചതിനുശേഷമാണ് ഈ പോസ്‌റ്റ് മെഷീനിൽ തടസം നേരിട്ടത്. ഒരേസമയം രണ്ടു ജോലികളിൽ നടത്തിയതാണ് ഈ പോസ് മെഷീനിൽ സാങ്കേതിക തടസം നേരിടാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു.
ആധാർ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സർവറിൽ നിരന്തരമായി സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് കൊണ്ടും സംസ്ഥാനത്ത് അതിതീവ്ര ചൂടും വിദ്യാർഥികളുടെ പരീക്ഷയും ആയതിനാൽ ഇ കെ വൈ സി പൂർത്തീകരിക്കാനുള്ള തീയതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
റേഷൻ വ്യാപാരികളുടെ സമരം : റേഷൻ വ്യാപാരികൾ നാളെ പ്രഖ്യാപിച്ച പണിമുടക്ക് രാഷ്ട്രീയപ്രേരിതം എന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 29ന് റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയിരുന്നു കേന്ദ്രനയങ്ങൾക്കെതിരെയാണ് പ്രതിഷേധിക്കുന്നത് യോഗത്തിൽ സംഘടന നേതാക്കൾ അറിയിച്ചതെങ്കിലും സമരത്തിൽ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടവയാണെന്നും മന്ത്രി പറഞ്ഞു.