കോഴിക്കോട്: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോരുത്തരുടെയും ആഗ്രഹമാകും ഒരു സര്‍ക്കാര്‍ ജോലി. അതിനായുള്ള പഠനത്തോടൊപ്പം കായിക ക്ഷമത പരിശീലനങ്ങള്‍ കൂടി നേടിയെടുക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്ക് ആശ്വാസമാകുന്നയൊരാളുണ്ട് അങ്ങ് ചെറുകുളത്തൂരില്‍.
അത് മറ്റാരുമല്ല കേരള ഇലക്ട്രിക് സിറ്റി ബോർഡിൽ ഓവർസിയറായ നമ്പോലത്ത് ഉണ്ണികൃഷ്‌ണനാണ്. ദിവസവും പുലര്‍ച്ചെ പെരുവയലിലെ സെന്‍റ് സേവിയോ യുപി സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടാകും ഇദ്ദേഹം. നിരവധി പേരാണ് ഉണ്ണികൃഷ്‌ണന്‍റെ വരവും കാത്ത് ഗ്രൗണ്ടില്‍ കാത്തിരിക്കുക. ഉണ്ണികൃഷ്‌ണനില്‍ നിന്നും സൗജന്യ പരിശീലനം നേടാനെത്തുന്നവരാണിവര്‍.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഉണ്ണികൃഷ്‌ണന്‍ സൗജന്യ പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ട്. ആയിരത്തോളം ഉദ്യോഗാര്‍ഥികളാണ് ഉണ്ണികൃഷ്‌ണന്‍റെ സൗജന്യ പരിശീലനത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. പട്ടാളം, പൊലീസ് തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള തസ്‌തികയിലേക്കുള്ളവര്‍ക്കെല്ലാം ഉണ്ണികൃഷ്‌ണന്‍ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം മാത്രമല്ല പരിശീലന ഉപകരണങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.
ഗ്രൗണ്ടിലെത്തുന്നവര്‍ക്ക് പരിശീലനം മാത്രമല്ല മറിച്ച് മറ്റൊരാളെ പരിശീലിപ്പിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം പഠിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് താന്‍ നേരിട്ട പ്രയാസങ്ങളാണ് ഉണ്ണികൃഷ്‌ണനെ ഇത്തരമൊരു സേവനത്തിന് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണികൃഷ്‌ണന്‍റെ പരിശീലന മികവ് കേട്ടറിഞ്ഞ് സമീപ ജില്ലകളില്‍ നിന്ന് പോലും നിരവധി പേര്‍ പരിശീലനത്തിന് എത്തുന്നുണ്ട്.
വര്‍ഷങ്ങള്‍ ഓരോന്ന് പിന്നീടുമ്പോഴും പരിശീലനത്തിന് ആളുകള്‍ കൂടിവരാന്‍ തുടങ്ങി. ഇതോടെ ഉണ്ണികൃഷ്‌ണന്‍റെ സുഹൃത്തായ ഫയർ സർവീസ് ഉദ്യോഗസ്ഥന്‍ സന്തോഷും പിന്തുണയുമായെത്തി. സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ കണ്ട് ഇത്തരം ജോലികളിലെല്ലാം ഏര്‍പ്പെടുന്നവര്‍ക്ക് ഒരു പാഠമാണ് ഉണ്ണികൃഷ്‌ണനും സുഹൃത്ത് സന്തോഷും. വരും തലമുറകള്‍ക്ക് ഉണ്ണികൃഷ്‌ണന്‍ ഒരു മാതൃകയാകുമെന്നത് ഉറപ്പാണ്.