കോട്ടയം: കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് തന്നെ കോട്ടയത്ത് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി ഫെബ്രുവരി 14ന് ശേഷം കേരള കോണ്‍ഗ്രസ് നേതൃയോഗം ചേരും. തുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇടതു മുന്നണി സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ (എം) സിറ്റിങ് എംപി തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി പരസ്‌പരം ഏറ്റുമുട്ടുന്നത്. 1980ല്‍ ഇത്തരത്തില്‍ കേരള കോണ്‍ഗ്രസുകാര്‍ പരസ്‌പരം മത്സരിച്ചിട്ടുണ്ട്. അന്ന് സിറ്റിങ് എംപി ജോർജ് ജെ.മാത്യുവിനെയാണു കേരള കോൺഗ്രസ് (എം) മത്സരിപ്പിച്ചത്. ജോസഫ് വിഭാഗം ജോർജ് ജോസഫ് മുണ്ടയ്ക്കലിനെ രംഗത്തിറക്കി. അന്നും കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. കെ.എം.മാണിക്കായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല. പി.ജെ.ജോസഫും ടി.എം.ജേക്കബും പി.സി.ജോർജും യുഡിഎഫിനെ നയിച്ചു. ജോസഫ് ഗ്രൂപ്പിനും യുഡിഎഫിനുമായിരുന്നു അന്നു വിജയം.
രാഷ്‌ട്രീയ നേതാവായിരുന്ന കെ.എം ജോർജ്ജിന്‍റെ മകനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽ നിന്നും പാർലമെന്‍റ് അംഗമായിട്ടുണ്ട്. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെന്‍ററി കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബെംഗളൂരു ക്രൈസ്റ്റ് കോളജിലും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന ഫ്രാൻസിസ് ജോർജ് പാർട്ടി ലയന ശേഷം കേരള കോൺഗ്രസ് (എം) ൽ നിന്ന് രാജി വച്ച് ജനാധിപത്യ കേരള കോൺഗ്രസ് ഉണ്ടാക്കിയെങ്കിലും പിന്നീട് പിജെ ജോസഫിന്‍റെ കേരള കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.